സഊദിയില്‍ അകൗണ്ടന്റ് ജോലികള്‍ സ്വദേശിവത്‌ക്കരിക്കുന്നു
റിയാദ്: സഊദിയിലെ അകൗണ്ടന്റ് ജോലികള്‍ സഊദിവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. യോഗ്യരായ സഊദി യുവതീ യുവാക്കള്‍ നിരവധി ജോലി കാത്ത് നില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അകൗണ്ടന്റ്, ധനകാര്യ ജോലികള്‍ കൂടി ഉടന്‍ തന്നെ സഊദി വല്‍ക്കരിക്കാന്‍ നീക്കം തുടങ്ങിയത്.
തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ വനിതാ സ്വദേശിവത്കരണ പദ്ധതി ഡയറക്ടര്‍ നൂറാ അല്‍റദീനിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഈ ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ക്കാവുമെന്നും വൈകാതെ അത്തരം തസ്തികകളില്‍ സ്വദേശികളെ നിയമിക്കേണ്ടിവരുമെന്നും 'വനിതകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ചുവടുവെപ്പുകള്‍' എന്ന പേരില്‍ നടന്ന എക്‌സിബിഷനില്‍ സംസാരിക്കവേ അവര്‍ വ്യക്തമാക്കി.
ഇത് കൂടാതെ, ഐ.ടി, അഭിഭാഷക വൃത്തി അടക്കമുള്ള ചില പ്രൊഫഷനുകളും സഊദി വല്‍ക്കരിക്കാന്‍ നീക്കമുള്ളതായും ഇവര്‍ വ്യക്തമാക്കി.
വനിതകള്‍ക്കും തൊഴില്‍ നല്‍കുന്നതിന് മന്ത്രാലയം മുന്തിയ പരിഗണയാണ് നല്‍കുന്നത്. ലേഡീസ് വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ കടകളിലും നിലവില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 വ്യാപാര മേഖലകളിലും സ്വദേശി വനിതകള്‍ക്ക് തൊഴിലെടുക്കാവുന്നതാണെന്നും ഹ്യൂമന്‍ റിസോഴ്‌സസ് മേഖലയിലും വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഏറെയുണ്ടെന്നും ഇവര്‍ പറഞ്ഞു.
സ്വകാര്യമേഖലയുമായി സഹകരിച്ച് സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് മന്ത്രാലയം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എക്‌സിബിഷനില്‍ 46,000 സ്വദേശി വനിതകള്‍ തൊഴില്‍ തേടിയെത്തിയിരുന്നു. ഇതില്‍ 3600 ലധികം പേര്‍ക്ക് തൊഴില്‍ നല്‍കാനായതായാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."