ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
തൃശൂര്‍ : കടപ്പുറം തൊട്ടാപ്പില്‍ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു.
നെടിയിരുപ്പില്‍ പത്മനാഭന്‍ മകന്‍ ബിബീഷ് (30)നെ കൊലപ്പെടുത്തി ശ്മശാനത്തില്‍ കുഴിച്ചുമൂടുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ ബ്ലാങ്ങാട് തൊടുവീട്ടില്‍ രാജു(29),തൊട്ടാപ്പ് പണിക്കവീട്ടില്‍ റഫീഖ്(28) എന്നിവരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് സോഫി തോമസ് ജീവപര്യന്തം കഠിനതടവിനും,ഒരുലക്ഷം രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷവിധിച്ചത്.പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതലായി കഠിനതടവ് അനുഭവിക്കണം.തെളിവുനശിപ്പിച്ചതിന് 3 വര്‍ഷം വീതം കഠിനതടവും,25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.പിഴയടക്കാത്ത പക്ഷം 6 മാസം കഠിനതടവ് കൂടുതലായി അനുഭവിക്കണം.
പിഴയടക്കുന്നതില്‍ നിന്നും ഒരുലക്ഷം രൂപ കൊല്ലപ്പെട്ട ബിബീഷിന്റെ ഭാര്യയ്ക്കും,ഒരു ലക്ഷം രൂപ മൈനറായ മകളുടെ പേരില്‍ സ്ഥിരം ഡെപ്പോസിറ്റ് ചെയ്യണമെന്നും കോടതി വിധിച്ചു. കൊല്ലപ്പെട്ട ബിബീഷ് പ്രതികളായ രാജുവിനെയും റഫീഖിനെയും മുന്‍പ് വെട്ടിപ്പരുക്കേല്‍പിച്ച വിരോധത്താലാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ബിബീഷിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയില്‍ ഒരു മാസത്തിനു ശേഷമാണ് കണ്ടുകിട്ടിയത്.തുടര്‍ന്ന് മൃതദേഹത്തിന്റെ തലയോട്ടി സൂപ്പര്‍ ഇമ്പോസിഷന്‍ ടെസ്റ്റ് നടത്തിയും,കൂടാതെ ഡി.എന്‍.എ.ടെസ്റ്റ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് മൃതശരീരം ബിബീഷിന്റേതാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."