വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘടിത നീക്കം: മന്ത്രി കെ.ടി ജലീല്‍
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘടിതമായ നീക്കംനടക്കുന്നുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളജസ് ഇന്‍ കേരളയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ഫോണ്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് മേഖലയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയ്ഡഡ് സ്ഥാപനങ്ങള്‍ അധ്യാപക നിയമനത്തിലും വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിലും കോഴ വാങ്ങുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്. ഇത്തരത്തിലുള്ള ആക്ഷേപം ഇല്ലാതാക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കണം. നിലവില്‍ രണ്ടു ലക്ഷത്തോളം ജീവനക്കാരാണ് എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്ത് ജോലിചെയ്യുന്നത്. എന്നാല്‍ ഇതില്‍ 150ഓളം പേര്‍ മാത്രമാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്നത്.
സ്വന്തം സമുദായാംഗങ്ങളെ ജോലിക്ക് എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ 40 ശതമാനമെങ്കിലും മറ്റ് സമുദായാംഗങ്ങള്‍ക്കും ജോലിനല്‍കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഉസ്മാന്‍ അധ്യക്ഷനായി. സെക്രട്ടറി ഫാ. ഡോ. വിന്‍സെന്റ്, ഡോ. ടി.എം ജോസഫ്, ഡോ. സിസ്റ്റര്‍ അമല, ഡോ. എ. ബിജു സംസാരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന വിവിധ കോളജുകളിലെ 19 പ്രിന്‍സിപ്പല്‍മാരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."