സുപ്രഭാതം ആറാം വാര്‍ഷിക കാംപയിനിന് തുടക്കമായി
മലപ്പുറം: സുപ്രഭാതം ആറാം വാര്‍ഷിക പ്രചാരണ കാംപയിനിന് തുടക്കമായി. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സുപ്രഭാതം ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചരിത്രകാരന്‍ കെ.കെ.എന്‍ കുറുപ്പിനെ വരിക്കാരനായി ചേര്‍ത്ത് നിര്‍വഹിച്ചു. ജനാധിപത്യം സംരക്ഷിക്കാനും മതേതരത്വം നിലനിര്‍ത്താനും സുപ്രഭാതം ദിനപത്രം മുന്നില്‍ നിന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രത്യേകമായ പ്രത്യയശാസ്ത്രത്തിന്റെ പിന്നില്‍ നിന്നുകൊണ്ടുതന്നെ സുപ്രഭാതം പ്രയത്‌നിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ചെയ്യാനാവില്ല. മലപ്പുറത്തിന്റെ വളര്‍ച്ചയിലും ജനസമൂഹത്തിന്റെ വികസനത്തിലും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമാണ് നിര്‍ണായക ഘടകമായതെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഞ്ച്തല വരിക്കാരെ ചേര്‍ക്കലിന്റെ ഉദ്ഘാടനം ഇന്നും മദ്‌റസാതല ഉദ്ഘാടനം നാളെയും നടക്കും. നാളെ മുതല്‍ ഓഗസ്റ്റ് 16 വരെ നീണ്ടുനില്‍ക്കുന്ന കാംപയിന്‍ കാലയളവില്‍ സംസ്ഥാനത്തെ പതിനായിരത്തോളം മദ്‌റസകളിലൂടെ എട്ട് ലക്ഷം വീടുകളില്‍ സുപ്രഭാതത്തിന്റെ സന്ദേശം കൈമാറും. സംസ്ഥാനത്തിനു പുറത്ത് ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കാംപയിനിലൂടെ സന്ദേശം എത്തിക്കും. 30 മേഖലാതല കോ ഓഡിനേറ്റര്‍മാര്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ, ആന്‍ഡമാന്‍ റിട്ട. ഫിഷറീസ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മടപ്പള്ളി, ആന്‍ഡമാന്‍ ഖാസി സുലൈമാന്‍ ഫൈസി, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, അനീസുദ്ദീന്‍ അഹമ്മദ്, ഡോ.എം.പി മുജീബുറഹ്മാന്‍, ഡോ.അമീന്‍ ദാസ്, മുനീര്‍ മാസ്റ്റര്‍ കുറ്റ്യാടി, ആശിഖ് കുഴിപ്പുറം, പി. കുഞ്ഞാപ്പുട്ടി ഹാജി, സുപ്രഭാതം മലപ്പുറം യൂനിറ്റ് ചീഫ് പി. ഖാലിദ്, റസിഡന്റ് മാനേജര്‍ വൈ.പി മുഹമ്മദലി ശിഹാബ്, പരസ്യവിഭാഗം മാനേജര്‍ കെ. ഇസ്ഹാഖ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."