HOME
DETAILS

അനറബിയുടെ അറബി എഴുത്ത്

  
backup
July 21 2019 | 06:07 AM

suhai-wafi-arabic-writer

 

മനുഷ്യനുള്ളിടത്തെല്ലാം ഭാഷകളുമുണ്ട്. അവന്റെ സംസ്‌കാരങ്ങളും വൈജ്ഞാനിക വിഭവങ്ങളും മാനസിക വികാരങ്ങളും ശേഖരിച്ച് വയ്ക്കുന്നതും കൈമാറുന്നതും ഭാഷയിലൂടെയാണ്. ഭാഷ ഉപയോഗിക്കുന്നവരുടെ വൈപുലതയും അതില്‍ ക്രയവിക്രയം ചെയ്യുന്ന വിഭവങ്ങളുടെ മൂല്യവും ഏറുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് ഭാഷയുടെ ശക്തിയും ആയുസും കൂടുകയും കുറയുകയും ചെയ്യുകയെന്നത് ഒരു പ്രകൃതി യാഥാര്‍ഥ്യമാണ്.

ഭൂപടത്തില്‍ 22 രജ്യങ്ങളുടെയും 42 മില്യന്‍ ജനങ്ങളുടെയും ഔദ്യോഗിക ജീവല്‍ ഭാഷയായ അറബി ഇന്ന് ലോകത്ത് മനുഷ്യര്‍ക്ക് ഏറ്റവും പരിചിതമായ ഭാഷകളില്‍ ഒന്നാണ്. ലോകമൊട്ടുക്കും പരന്ന് കിടക്കുന്ന ഇസ്‌ലാം മതവിശ്വാസികളുടെ പ്രാമാണിക വൈജ്ഞാനിക ശേഖരത്തിന്റെ അടിസ്ഥാനഭാഷ എന്ന നിലക്കും അതിന് ഒരു ആഗോള ഭൂമികയുണ്ട്. വളര്‍ച്ചയും തളര്‍ച്ചയും അതോടൊപ്പം അതിജീവനവും, പൗരാണികതയുടെ സൗന്ദര്യത്തിന്ന് ഇടിവേല്‍ക്കാതെയുള്ള ആധുനികതയിലേക്കുള്ള ചുവടുമാറ്റവും അറബി ഭാഷ അഭിമുഖീകരിച്ചിട്ടുണ്ട്. വൈദേശിക അധിനിവേശത്തിന്റെ ക്രൂരതകള്‍ ഏല്‍പ്പിച്ച നഖക്ഷതങ്ങള്‍ ഉണ്ടാക്കിയ പാടുകള്‍ ഇന്നും ആ സുന്ദര ശരീരത്തിന്റെ വിങ്ങലുകളായി ബാക്കിയുണ്ട്. എങ്കിലും ജീവിക്കുന്ന ലോകത്തോടൊപ്പം, അതിന്റെ പ്രകാശ വേഗതയിലുള്ള കുതിച്ചോട്ടത്തോടൊപ്പം, അറബി ഭാഷയും ഒട്ടും തളരാതെ കൂടെയുണ്ട്. എന്നാല്‍ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യ പരിപാലനത്തിനാവശ്യമായ ജാഗ്രതയും മാര്‍ഗദര്‍ശനവും അതിന്ന് ലഭിക്കേണ്ടതുണ്ടുതാനും.

ഈ വസ്തുതകളെ വാക്കുകളിലൂടെയും ആശയങ്ങളിലൂടെയും ആവിഷ്‌കാരത്തിന്റെ സുന്ദരസ്വര്‍ണനൂല്‍ കൊണ്ട് ഒരു കലാകാരന്റെ സര്‍വ നൈസര്‍ഗികതയും ഉപയോഗപ്പെടുത്തി തുന്നിയെടുത്ത അത്യാകര്‍ഷണീയമായ ഒരു വൈജ്ഞാനിക പുതുവസ്ത്രമാണു മലയാളിയും ഭാഷാ സ്‌നേഹിയും പണ്ഡിതനുമായ സുഹൈല്‍ വാഫി സമര്‍പ്പിക്കുന്ന ഈ അറബി ഭാഷയിലുള്ള പഠന ഗ്രന്ഥം. ഇരുന്നൂറോളം പേജുകളിലായി അറബി ഭാഷയുടെ ഭൂതവും വര്‍ത്തമാനവും പ്രസരിപ്പുള്ള ഒരു ഭാവിയും വായനക്കാര്‍ക്കും ഭാഷാ വിദ്യാര്‍ഥികള്‍ക്കും മുന്‍പില്‍ അടുക്കി വയ്ക്കാന്‍ അദ്ദേഹം ആഴത്തിലുള്ള പഠനവും കഠിന പ്രയത്‌നവും നടത്തിയിട്ടുണ്ടെന്നത് വാസ്തവം.

ഇതരഭാഷകള്‍ക്ക് മുകളില്‍ ശ്രേഷ്ടത സ്ഥാപിക്കലല്ല, മറിച്ച് ഭാഷകള്‍ക്കിടയില്‍ അറബിയുടെ ശക്തിയും ചരിത്രവും പഠന വിധേയമാക്കുകയാണ് ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുള്ള തുടക്കം, വിഷയാവതരണത്തിന്റെ വിശ്വാസ്യതക്ക് മാറ്റു കൂട്ടുന്നുണ്ട്. (പേജ്:17)

അറബിയ്യത്തിന്റെ അതിജീവനത്തിന് ശുദ്ധ അറബിയില്‍ അവതീര്‍ണ്ണമായ വിശുദ്ധ ഖുര്‍ആനിന്റെ പങ്ക് അംഗീകരിക്കുന്നതോടൊപ്പം, മതപരിധിയില്‍ നിന്ന് ഭാഷാ പഠനത്തിനെ മുക്തമാക്കിയുള്ള അവതരണം, മതേതര കലാലയങ്ങള്‍ക്കും ഭാഷാ ഗവേഷകര്‍ക്കും സ്വീകാര്യമാകുന്നതിന്ന് സഹായകമാവും.

അറബിയാണ് പഠന വിധേയമാക്കുന്നതെങ്കിലും ലോക ഭാഷാ സമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളിലേക്ക് കൂടി ഗ്രന്ഥകാരന്‍ ഉദാഹരണ സഹിതം എത്തിനോട്ടം നടത്തുന്നതിലൂടെ, അറബ് ലോകത്തെന്നപോലെ അനറബി ലോകത്തെയും ഭാഷാ വിദ്യാര്‍ഥികള്‍ക്ക് ഇത് ഉപകാരപ്പെടുന്നു. ഭാഷകളുടെ തന്നെ അടിസ്ഥാന മൂലകങ്ങളെ കുറിച്ച ഒരു അവബോധം നേടാന്‍ ഈ ഗ്രന്ഥം സഹായകമാണ്.

വിശാലമായ ഒരു ഭൂമികയുള്ള ഭാഷ എന്ന നിലക്ക് ശുദ്ധ സാഹിത്യ ഭാഷയും (ഫുസ്ഹാ) പൊതുജന സംസാരഭാഷയും (ലഹജഃ) ഇത്രയേറെ വൈവിധ്യം പുലര്‍ത്തുന്ന മറ്റു ഭാഷകള്‍ കുറവായിരിക്കും. പ്രാദേശികവും ഗോത്രപരവും സാംസ്‌കാരികവുമായ ഈ വൈവിധ്യങ്ങളെ ചികഞ്ഞെടുത്ത് പഠന വിധേയമാക്കുകയും അവക്ക് ശുദ്ധഭാഷയുമായുള്ള പൊക്കിള്‍കൊടി ബന്ധങ്ങളെ കണ്ടെത്തുകയും ചെയ്യുന്നതിനായി ഗ്രന്ഥകാരന്‍ നടത്തുന്ന അന്വേഷണത്തിന്റെ തലമാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനവിഷയം. വിവിധ രാജ്യങ്ങളിലെയും സമൂഹങ്ങളിലെയും സംസാരങ്ങളിലെ സ്വരവ്യത്യാസങ്ങളും ഉച്ചാരണങ്ങളിലെ അക്ഷരങ്ങളുടെയും വാക്കുകളുടെയും ഏറ്റക്കുറച്ചിലുകളും വരെ അതിസൂക്ഷ്മമായി അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. അനറബി ലോകത്തുള്ളവരോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു നിശ്ചിത ദേശത്തെ മാത്രം പരിചയമുള്ളവരോ ആയ ഒരു ഭാഷാ പഠിതാവിന്നു മറ്റിടങ്ങളിലെത്തിനോക്കാന്‍ സഹായിക്കുന്ന ഒരു ജനാലയായി ഇത് മാറുന്നു.

ആധുനിക ലോകവും അറബി ഭാഷയും, ഇതരഭാഷകളില്‍ അറബിയുടെ സ്വാധീനങ്ങള്‍, പൗരാണികവും ആധുനികവുമായ അറബ് സമൂഹത്തില്‍ സംസാര ഭാഷയിലേക്കുള്ള ചുവട് മാറ്റത്തിന്റെ കാരണങ്ങളും അതിന്റെ പ്രസരണം ഭാഷക്കുണ്ടാക്കിയ പരുക്കുകളും, ആധുനികതയുടെ ലഹരിയായ സാമൂഹ്യമാധ്യമങ്ങളിലെ പുതു തലമുറയുടെ ധൃതി പിടിച്ച ആശയവിനിമയ ശൈലികള്‍, അറബിഭാഷയെ വികൃതമാക്കിയതിന്റെ നേര്‍ചിത്രങ്ങള്‍ (പേജ്:92), ഭാഷയുടെ പ്രതാപം വീണ്ടടുക്കാനുള്ള സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ പ്രായോഗിക കാല്‍വെപ്പുകള്‍ തുടങ്ങി ഭാഷയുടെ ഒട്ടുമിക്ക തലങ്ങളും ഈ ചെറുഗ്രന്ഥത്തിലൂടെ സമൂഹത്തിന്റെ മുന്നില്‍ തുറന്നു വയ്ക്കപ്പെടുന്നു.

കേവലം ചിന്തകള്‍ പറഞ്ഞു പോകുന്നതിനുപകരം ചാര്‍ട്ടുകളും ഔദ്യോഗിക കണക്കുകളും പഠനങ്ങളും ഗ്രന്ഥത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ഭാഷയുടെ വളര്‍ച്ചയില്‍ ആധുനിക കാലത്ത് വലിയ പങ്കുള്ള അറബി ദൃശ്യമാധ്യമങ്ങളിലെ പരിപാടികളെ വിശകലനം ചെയ്യുകയും ശുദ്ധഭാഷയിലുള്ള പരിപാടികള്‍ക്ക് നീക്കിവച്ച സമയങ്ങളുടെ കണക്ക് വിശകലനം ചെയ്തുകൊണ്ട് (പേജ്: 142, 143) ആ രംഗത്തെ അരുതായ്മകള്‍ പൊലും തുറന്ന് കാട്ടുന്നത് വഴി അറബി ഭാഷാ സമൂഹത്തിന്ന് അവരുടെ വീഴ്ചകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. അതിനുമപ്പുറം വൈദേശിക മേല്‍ക്കോയ്മകള്‍ അറബിഭാഷയുടെ അസ്ഥിത്വത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇല്ലായ്മ ചെയ്‌തെടുക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവിനോദങ്ങളെ തുറന്ന് കാണിക്കുക കൂടി ചെയ്യുന്നുണ്ടിവിടെ.

ഭാഷയാണ് സംസ്‌കാരത്തിന്റെ സൂക്ഷിപ്പ് കേന്ദ്രമെന്നതിനാല്‍ തന്നെ ഭാവി തലമുറയുടെ ഭാഷയും സംസ്‌കാരവും നിലനിര്‍ത്താനും വളര്‍ത്താനുമാവശ്യമായ ചുവടുവയ്പ്പുകള്‍ ഭരണകൂടങ്ങള്‍ മുതല്‍ മാതാപിതാക്കള്‍ വരെ എങ്ങനെ നടപ്പിലാക്കണമെന്നുകൂടി പറഞ്ഞു വയ്ക്കുന്നു. ആധുനിക കാലത്തെ ശസ്ത്രസാങ്കേതിക വൈജ്ഞാനിക ശേഖരങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത് ഇംഗ്ലിഷിന് മാത്രമാണെന്ന തെറ്റായ 'പൊതുബോധത്തെ' ജീവിക്കുന്ന ഉദാഹരണങ്ങളെ നിരത്തി പൊളിച്ചടുക്കാനും മറ്റേതൊരു ജീവല്‍ഭാഷയെക്കാളും അറബി ഭാഷക്കതിനുള്ള ത്രാണിയുണ്ടെന്ന് വ്യക്തമാക്കാനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.

വ്യത്യസ്ത അറബി നാടുകളില്‍ പ്രചാരത്തിലുള്ള ഭാഷയിലെ പുതിയതും പഴയതുമായ ഉപമാലങ്കാര പ്രയോഗങ്ങളെ ഒരിടത്ത് അടുക്കി വച്ചതിലൂടെ ഭാഷാ വിദ്യാര്‍ഥികള്‍ക്ക് പദാനുപദ പരിഭാഷക്കപ്പുറം ഭാഷയെ ആസ്വദിക്കാന്‍ കഴിയുന്നു. അതോടൊപ്പം അറബി ഭാഷാ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രശസ്തരായ ആധുനിക എഴുത്തുകാരെ പരിചയപ്പെടുത്തുന്നു.

ശുദ്ധ അറബിഭാഷ, വ്യാകരണ കെട്ടിക്കുടുക്കുകള്‍ നിറഞ്ഞതാണെന്നും ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്നുമുള്ള ദുഷ്പ്രചരണം അറബികളിലെ ആധുനിക തലമുറയെ അംഗീകരിപ്പിക്കുന്നതില്‍ ശത്രുക്കള്‍ വിജയിക്കുന്ന രീതികള്‍ ഇവിടെ പഠന വിധേയമാക്കുന്നു. ഏറ്റവും എടുത്തു പറയേണ്ട ഒന്ന്, അനറബികളില്‍ നിന്നുള്ള ആധുനിക അറബിഭാഷാ സൃഷ്ടികളില്‍ പൊതുവെ അനുഭവപ്പെടുന്ന ഒരു 'അനറബിഗന്ധം' ഭാഷാശൈലിയിലും ആവിഷ്‌കാരത്തിലും ഈ ഗ്രന്ഥത്തില്‍ അനുവാചകര്‍ക്കനുഭവപ്പെടുകയില്ലെന്ന് മാത്രമല്ല, ലാളിത്യവും സാഹിത്യ രുചികളും ഇഴചേര്‍ന്ന വിധം ഭാഷയെ ആകര്‍ഷണീയമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ജന്മം കൊണ്ടോ പഠനം കൊണ്ടോ അറബിഭാഷ ആസ്വദിക്കുന്ന അറബ് ലോകത്തിനകത്തും പുറത്തുമ്മുള്ള ഭാഷാസ്‌നേഹികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിന്നു കൊണ്ട് ഭാഷയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും ഒന്നു ചുറ്റിക്കാണാന്‍ സഹായിക്കുന്ന കഴിവുറ്റ ഒരു വഴികാട്ടിയാണ് ഈ പുസ്തകം. നമ്മുടെ നാട്ടിലെ അറബിഭാഷാ ബിരുദ കോഴ്‌സുകളുടെ അവസാന വര്‍ഷത്തിലോ പി.ജി കോഴ്‌സുകളിലോ സിലബസിന്റെ ഭാഗമായി ഉപയോഗപ്പെടുത്താവുന്നതുമാണ് അറബി ലോകത്ത് പ്രസിദ്ധീകരിച്ച ഒരു പ്രാദേശിക (മലയാളിയുടെ) സൃഷ്ടിയായ ഈ പുസ്തകം. നമ്മുടെ നാട്ടിലെ അറബിഭാഷാ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ടും സുഹൈല്‍ വാഫി ഒരു മാതൃകയും പ്രചോദനവുമാണ്.

ബെന്യാമിന്റെ ആടു ജീവിതം കൂടാതെ, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി 'റഫീഖത്തു സ്വിബാ' എന്ന പേരില്‍ സുഹൈല്‍ വാഫി അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a few seconds ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago