വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കും: എസ്.പി
കാസര്‍കോട്: പുതിയ അധ്യയനവര്‍ഷാരംഭത്തിനു തുടക്കം കുറിക്കുമ്പോള്‍ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും വിദ്യാര്‍ഥികള്‍ സുരക്ഷിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും വാഹനത്തിനും മതിയായ രേഖകള്‍ ഉണ്ടെന്നു പൊലിസ് കര്‍ശനമായി പരിശോധിക്കും. ഓട്ടോറിക്ഷയിലും മറ്റും കുട്ടികളെ തിരുകികയറ്റി വരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും.
സ്‌കൂള്‍ കുട്ടികളെ കയറ്റാതെയും സ്‌കൂള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെയും പോകുന്ന ബസുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ട്രാഫിക് കൂടുതലുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ രാവിലെയും സ്‌കൂള്‍ വിടുന്ന സമയങ്ങളിലും പൊലിസിന്റെ സേവനം ഉണ്ടായിരിക്കും. സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ സഹായം കൂടി ലഭ്യമാക്കും.
സ്‌കൂള്‍ പരിസരങ്ങളിലും ബസുകളിലും പൂവാലശല്യം തടയാന്‍ വനിതാ ഷാഡോ പൊലിസിനെ നിയോഗിക്കും. സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയെടുക്കും.
രഹസ്യ വിവരങ്ങള്‍ ജില്ലാ പൊലിസിന്റെ 9497975812 എന്ന വാട്ട്‌സ്ആപ് നമ്പറിലും 1090 ക്രൈം സ്റ്റോപ്പര്‍ നമ്പറിലും 1091 വനിത ഹെല്‍പ്പ് ലൈനിലും 1098 ചൈല്‍ഡ് ലൈനിലും മറ്റ് ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനുകളിലേക്കും വിളിച്ചറിയിക്കാം.
സ്‌കൂളിന്റെ സമീപ കടകളിലും മറ്റും സ്‌കൂള്‍ കുട്ടികള്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ വാങ്ങിവെക്കുന്നതായും ചില കടക്കാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണുകളിലേക്ക് അപ്‌ലോഡ് ചെയ്തു കൊടുക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാരെക്കുറിച്ചുളള വിവരങ്ങള്‍ പൊതുജനങ്ങള്‍ പൊലിസിനെ അറിയിക്കണം.
വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ആ വിവരം ഉടന്‍ തന്നെ അടുത്തുളള പൊലിസ് സ്റ്റേഷനില്‍ രക്ഷാകര്‍ത്താക്കളോ സ്‌കൂള്‍ അധികൃതരോ അറിയിക്കണം.
സാമ്പത്തികമായോ മറ്റു തരത്തിലുളള ബുദ്ധിമുട്ടുകളാലോ കുട്ടികളെ സ്‌കൂളിലേക്കു വിടാന്‍ കഴിയാത്തവര്‍ അടുത്തുളള പൊലിസ് സ്റ്റേഷനുകളിലോ ജില്ലാ പൊലിസ് മേധാവിയുടെ വാട്ട്‌സ്ആപ് നമ്പറിലോ അറിയിക്കണമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."