പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷം എന്ന ഉപാധി കീറാമുട്ടി
തൊടുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരള ബാങ്കിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ഉപാധി സര്‍ക്കാരിന് കീറാമുട്ടിയാകും. ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗം മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിനനുകൂലമായി പ്രമേയം പാസാക്കണമെന്ന ഉപാധിയാണ് തലവേദനയാകുന്നത്.
കേരള സഹകരണ സംഘം നിയമവും ചട്ടവും പാലിച്ചുവേണം ലയന നടപടി സ്വീകരിക്കേണ്ടതെന്ന നിര്‍ദേശമുണ്ടെങ്കിലും ഓര്‍ഡിനന്‍സിലൂടെയോ മറ്റ് വഴികളിലൂടെയോ സര്‍ക്കാരിന് ഇതു മറികടക്കാന്‍ കഴിയും.
എന്നാല്‍, ലയനം സംബന്ധിച്ചുള്ള ആര്‍.ബി.ഐ മാസ്റ്റര്‍ ഗൈഡ്‌ലൈന്‍സ് പാലിക്കാതെ തരമില്ല. ആര്‍.ബി.ഐ ഗൈഡ്‌ലൈന്‍സ് മുന്‍നിര്‍ത്തിയാണ് ഇതുസംബന്ധിച്ചുള്ള കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രമേയം വന്നാല്‍ 14 ജില്ലാ ബാങ്കുകളില്‍ 9 ഇടത്തുമാത്രമാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയുള്ളത്. മലപ്പുറം, വയനാട്, ഇടുക്കി, കാസര്‍കോട്, കോട്ടയം ജില്ലാ ബാങ്കുകളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമില്ല.
മലപ്പുറത്ത് യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമാണ്. ഇപ്പോള്‍ ജില്ലാ ബാങ്കുകളില്‍ അതത് ജില്ലകളിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍മാരാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍.
മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടാക്കാന്‍ ഇവരെ ഉപയോഗിച്ച് അട്ടിമറി നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അങ്ങനെ വന്നാല്‍ അത് ഗുരുതര നിയമപ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്നും ഓള്‍ കേരള ജില്ലാ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
നോണ്‍ പെര്‍ഫോമിങ് അസറ്റ്‌സ് (കിട്ടാക്കടം) മൂലം നഷ്ടത്തിലായ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കും പ്രശ്‌നമായി നില്‍ക്കുകയാണ്. 465 കോടി രൂപ നഷ്ടത്തിലാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
കാപ്പിറ്റല്‍ ടു റിസ്‌ക് അസറ്റ്‌സ് റേഷ്യൊ (സി.ആര്‍.എ.ആര്‍) പാലിക്കാതെ വന്നാല്‍ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 11 പ്രകാരം റിസര്‍വ് ബാങ്കിന്റെ നടപടിക്ക് വിധേയമാകേണ്ടി വരും.
ഈ സാഹചര്യം എങ്ങനെ മറികടക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തതയില്ല. അടുത്തിടെ ഷെയര്‍ കാപ്പിറ്റലായി 22 കോടി രൂപ തിരുവനന്തപുരം ജില്ലാ ബാങ്കിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. നിഷ്‌ക്രിയ ആസ്തി 5 ശതമാനത്തില്‍ താഴെയാക്കണമെന്നതും പ്രശ്‌നമാകും. നിക്ഷേപകരുടേയും ഓഹരി ഉടമകളുടേയും സുരക്ഷിതത്വവും ബാങ്കിന്റെ സ്ഥിരത ഉറപ്പുവരുത്താനും വേണ്ടിയാണ് സി.ആര്‍.എ.ആര്‍ റേഷ്യൊ പാലിക്കാന്‍ ആര്‍.ബി.ഐ നിര്‍ദേശിച്ചിരിക്കുന്നത്.
ലയനത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനുള്ള അംഗീകാരം മാത്രമാണ് ഇപ്പോള്‍ ആര്‍.ബി.ഐ നല്‍കിയിരിക്കുന്നത്. നിയമപരവും സാമ്പത്തികപരവും ഭരണപരവുമായി നിബന്ധനകള്‍ പാലിച്ച് 2019 മാര്‍ച്ച് 31നകം ലയനടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."