സിറിയന്‍ ആഭ്യന്തരയുദ്ധവും കടലാസ് കരാറുകളും
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകംകണ്ട ഏറ്റവും വലിയ മാനവിക ദുരന്തങ്ങളിലൊന്നാണ് സിറിയന്‍ ആഭ്യന്തര യുദ്ധം. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ പുറത്താക്കാന്‍ ആരംഭിച്ച സമാധാനപരമായ പ്രക്ഷോഭം ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തരയുദ്ധമായി മാറുകയും ഐ.എസ്, അല്‍ ഖാഇദ അടക്കമുള്ള ഭീകരസംഘടനകളുടെ വളര്‍ച്ചയ്ക്കു കാരണമാവുകയും ചെയ്തു. യുദ്ധത്തിനിടയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന കുരുന്നുകളുടെയും മാതാപിതാക്കളുടെയും കരളലിയിക്കും കാഴ്ച കടുത്ത വേദനയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
ലോകശക്തികളുടെ പരീക്ഷണശാലയായി സിറിയയെ ഉഴുന്നിട്ടിരിക്കുകയാണ്. ഭീകരതയുടെ പേരില്‍ പരീക്ഷണങ്ങള്‍ നടത്തി പൊലിഞ്ഞതു കണക്കുകളില്ലാത്ത നിരപരാധികള്‍. അവര്‍ സ്വന്തം മണ്ണില്‍ ഇടമില്ലാതെ അയല്‍ രാജ്യങ്ങളുടെ ഔദാര്യങ്ങളിലേക്കു പലായനം ചെയ്യുന്നു. ഭീകരര്‍ക്കെതിരേ പോരാടുകയെന്ന പേരുചീട്ടില്‍ അമേരിക്കയും അയല്‍രാജ്യങ്ങളും ഇടപെടുന്നുണ്ടെങ്കിലും അവരുടെ പ്രത്യേക താത്പര്യങ്ങള്‍ സിറിയയിലുണ്ടെന്നതു പ്രകടമാണ്. 2016 അവസാനത്തോടെ കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ റഷ്യയുടെയും ഇറാന്റെയും നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വിമത സൈനികരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ എല്ലാ വിഭാഗങ്ങളും ആക്രമണം അവസാനിപ്പിക്കാനും ജനങ്ങളുടെ പുനരധിവാസം, പ്രാഥമികാവശ്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു.
ധാരണയനുസരിച്ച് ഇദ്‌ലിബുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിക്കായിരുന്നു ചുമതല നല്‍കപ്പെട്ടത്. പക്ഷെ, സിറിയയിലെ വിമതവിഭാഗങ്ങളില്‍ മിക്കവയും അസ്താന കരാറിന്റെ ഭാഗമായെങ്കിലും ഹയാത്തു തഹ്‌രീറുശ്ശാം സഹകരിക്കാന്‍ തയാറായിരുന്നില്ല. തുര്‍ക്കി ഇദ്‌ലിബിലെ ഭീകരരെ ഉടനടി തകര്‍ത്തു കളഞ്ഞില്ലെങ്കില്‍ ഭരണസമിതി അതു ചെയ്യേണ്ടി വരുമെന്ന് അസദ് ഭരണകൂടം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017 പകുതിക്കു ശേഷം തുടര്‍ച്ചയായ വിഭജന മേഖലകള്‍ സൃഷ്ടിച്ചു. തഹ്‌രീര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സിറിയന്‍ സൈന്യം ഇടപെട്ടു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്.
29 ലക്ഷത്തിലധികം ജനസംഖ്യയുള്ള സിറിയയിലെ അവസാന വിമതകേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യക്കെതിരായ സൈനിക നടപടിയെ തുടര്‍ന്ന് രണ്ടു മാസത്തിലധികമായി പല നാടകീയ രംഗങ്ങളും അരങ്ങേറി. ഭീകരവാദികളുടെ താവളമായ ഇദ്‌ലിബിനെ തിരിച്ചുപിടിക്കുമെന്ന് സിറിയയും അവരെ സാമ്പത്തികമായും സായുധപരമായും പരിപൂര്‍ണ പിന്തുണ നല്‍കുന്ന റഷ്യയും ഇറാനും പ്രഖ്യാപിച്ചിരുന്നു. ഭീകരവാദികളുടെ താവളം പൂര്‍ണമായി നശിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോയുടെ പ്രതികരണം. എന്നാല്‍ അതു വന്‍ ദുരന്തത്തിനു കരണമാവുകമെന്നും അതില്‍നിന്നു പിന്തിരിയണമെന്നും തുര്‍ക്കിയും അമേരിക്കയും മുന്നറിയിപ്പ് നല്‍കി.
വിമതരുടെ അവസാന തുരുത്തു പിടിച്ചെടുക്കാനുള്ള സായുധ നീക്കം മഹാ ദുരന്തമായിത്തീരുമെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഇരു പക്ഷത്തിന്റെയും സ്വീകാര്യമായ ഒത്തുതീര്‍പ്പു ഉരുതിരിഞ്ഞത്. അവസാനമായി സോച്ചിയില്‍ നടന്ന പുടിന്‍-ഉര്‍ദുഗാന്‍ കൂടിക്കാഴ്ചയില്‍ ഇദ്‌ലിബ് നഗരത്തെ ബഫണ്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 15നു ധാരണ നിലവില്‍ വരും. ഇതോടെ സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍.
ധാരണയനുസരിച്ച് ഇദ്‌ലിബിന്റെ ഭൂപരിധിയില്‍നിന്ന് വിമതരും സര്‍ക്കാരും സൈനികരെ പിന്‍വലിക്കണമെന്നും ഒക്ടോബര്‍ 10നകം മിസൈലുകളും ടാങ്കറുകളുമടക്കം എല്ലാ പടക്കോപ്പുകളും മേഖലയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ഇദ്‌ലിബ് ആസ്ഥാനമാക്കിയ അല്‍ നുസ്‌റ അടക്കമുള്ള ഭീകര സംഘടനകള്‍ ഇദ്‌ലിബ് വിടണമെന്നും വ്യവസ്ഥയിലുണ്ട്. സേനയും വിമതരും ഇദ്‌ലിബില്‍നിന്നു പിന്മാറിയാല്‍ ഇദ്‌ലിബ് നഗരത്തിന്റെ നിയന്ത്രണം തുര്‍ക്കിയും റഷ്യയും സംയുക്തമായി ഏറ്റെടുക്കും.
അല്‍ ഖാഇദയുടെ സിറിയന്‍ വിഭാഗത്തിലെ ജാബത്ത് അല്‍റസ്‌റയുടെ പിന്‍ഗാമിയായ ഹയാത്തു തഹ്‌രീറുശ്ശാമിന്റെ ശക്തികേന്ദ്രമാണ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബ്. 2016ലാണ് അല്‍ഖാഇദയില്‍നിന്നു തെറ്റിപ്പിരിഞ്ഞ തഹ്‌രീറുശ്ശാം രൂപീകരിക്കുന്നത്. ഇദ്‌ലിബിന്റെ 60 ശതമാനത്തോളം പ്രദേശങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. കൂടാതെ മറ്റു നിരവധി സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഏറ്റുമുട്ടലുകള്‍ നടന്ന പ്രവിശ്യകളില്‍നിന്ന് വിമതരും ഭീകരവാദികളും ഇദ്‌ലിബിലേക്കായിരുന്നു ചേക്കേറിയത്. ബശ്ശാറുല്‍ അസദിനെ എതിര്‍ക്കുന്ന സിവിലിയന്മാരും ഇവിടേയ്ക്കു മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാവുന്ന കടന്നാക്രമണത്തെ തടയാന്‍ തുര്‍ക്കിയുടെ നിരന്തര ഇടപെടല്‍ വിജയിച്ചുവെങ്കിലും പ്രശ്‌നം ശാശ്വതമായി പരിഹരിക്കാതെ കിടക്കുകയാണ്.
തുര്‍ക്കിയിലെ പ്രധാന വെല്ലുവിളി സമൂലമായ വിമത ഗ്രൂപ്പുകളുടെ ഗണനമാണ്. ഹുറാസുദ്ദീന്‍, തഹ്‌രീറുശ്ശാം പോലുള്ള സംഘങ്ങള്‍ തുര്‍ക്കിക്കു വലിയ വെല്ലുവിളിയാണ്. സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളും ചെറുക്കലും ശക്തമാക്കുമ്പോള്‍ ഭീകരവാദ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കി മുന്‍കൂട്ടി കാണുന്നു. തഹ്‌രീര്‍ പോലുള്ള സംഘടനകളുടെ ടെലഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇദ്‌ലിബില്‍ തുര്‍ക്കി നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇദ്‌ലിബില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം തുര്‍ക്കിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിഷയസംബന്ധമായ ആശങ്കകള്‍ ഒരു പൊതുപരിപാടിയില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ പങ്കുവച്ചിരുന്നു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ആതിഥ്യമരുളുന്നതില്‍ തുര്‍ക്കിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. 3.5 മില്ല്യനിലധികം സിറിയന്‍ ജനത തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. അവരുടെ കടന്നു വരവ് പ്രതിദിനം ആയിരത്തിലധികമാണെന്നാണ് തുര്‍ക്കി പുറത്തുവിടുന്ന കണക്ക്.
95 ശതമാനം അഭയാര്‍ഥികളും നഗരകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. ഇസ്താംബൂളില്‍ കുറഞ്ഞത് 560,000 സിറിയന്‍ അഭയാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇസ്താംബൂളിലെ സെയ്തീന്‍ബുര്‍നു ജില്ലയില്‍ മാത്രം തിങ്ങി പാര്‍ക്കുന്നത് 50, 000 ലധികം അഭയാര്‍ഥികളാണ്. തലസ്ഥാന നഗരിയായ അങ്കാറയിലെ കണക്ക് 73,000 ലധികമാണ്. 70 ശതമാനത്തോളം അഭയാര്‍ഥികളും കുട്ടികളും സ്ത്രീകളുമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. അവര്‍ക്കു വേണ്ടി തുര്‍ക്കി ഗവണ്മെന്റ് പല പദ്ധതികളും നടത്തുന്നുണ്ടെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവയുടെ വാഗ്ദാനങ്ങളുടെയും കരാറുകളുടെയും അവഗണ പ്രധാന കാരണങ്ങളിലൊന്നാണ് .
നവതുര്‍ക്കിയിലെ ഓരോ തെരുവുകളിലും സിറിയക്കാരുടെ ദയനീയാവസ്ഥ ഓരോ യാത്രക്കാരനും പച്ചയായി കാണാന്‍ സാധിക്കും. ലേഖകന്‍ ഒരിക്കല്‍ റെസ്റ്റോറന്റില്‍നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഒരു സിറിയന്‍ പെണ്‍കുട്ടി അരികിലേക്ക് ഓടി വന്നു. 'വിശക്കുന്നു, ഭക്ഷണം തരണമെന്ന്' പറഞ്ഞ് കൈകൂപ്പി തേങ്ങിക്കരഞ്ഞു. ജീവനക്കാര്‍ കുട്ടിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി ശക്തമായി പ്രതിരോധിച്ചു. ഭക്ഷണത്തിന്റെ പകുതി കുട്ടിക്കു പൊതിഞ്ഞു കൊടുത്തപ്പോള്‍ പുഞ്ചിരി തൂകിയ മുഖവുമായി കുട്ടി ഉമ്മയുടെ അടുത്തേക്കോടി. ഉമ്മ അതില്‍ നിന്നും കഴിക്കാതെ കുട്ടികള്‍ക്ക് വീതിച്ചു നല്‍കുന്ന കാഴ്ച ഏവരുടെയും കരളലയിപ്പിക്കുന്നതായിരുന്നു.
സിറിയന്‍ സുഹൃത്തുമായി സംസാരിക്കുമ്പോള്‍ അവന്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു വാക്കുണ്ട് -' എനിക്ക് നിങ്ങള്‍ ആയുധം വാങ്ങിത്തരൂ, എനിക്ക് എന്റെ നാടിനെ രക്ഷിക്കണമെന്ന്.' ഒരു കാലത്ത് സമ്പന്നരാഷ്ട്രമായിരുന്ന സിറിയയിലെ ജനത പിന്നീട് തെരുവിലിറങ്ങേണ്ടി വന്നു. നിസഹായരായ അവരുടെ ജീവിത ലക്ഷ്യംതന്നെ സിറിയന്‍ വിമോചനമാണ്.
സിറിയയിലെ ആഭ്യന്തര യുദ്ധം എട്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ മരണങ്ങളുടെയും അഭയാര്‍ഥി പ്രവാഹങ്ങളുടെയും കണക്കുകള്‍ തോല്‍ക്കുകയാണ്. നാലു ലക്ഷത്തിലധികമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സിറിയയില്‍ കൊല്ലപ്പെട്ടത്. കുട്ടികള്‍ മാത്രം കൊല്ലപ്പെട്ടതും മുറിവേറ്ററുമായി 7000ത്തില്‍പരമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടു ചെയ്യുന്നു. 1.2 കോടി ജനങ്ങള്‍ അവരുടെ കിടപ്പാടം വിട്ടു പാലായനം ചെയ്യേണ്ടി വന്നു എന്നാണ് കണക്ക്.
ഇദ്‌ലിബിലെ രാസായുധ പ്രയോഗത്തില്‍ 20 കുട്ടികളടക്കം 72 പേരാണ് കൊല്ലപ്പെട്ടത്. ഇരട്ട കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 20 പേര്‍ നഷ്ടപെട്ട അബ്ദുല്‍ ഹമീദിന്റെ വിലാപം ലോകം കണ്ടതാണ്. സിറിയന്‍ ജനതയ്ക്ക് സ്വന്തം മണ്ണില്‍ ഇടമില്ലാതെ വാസയോഗ്യമല്ലാത്ത ഇടമായി രാജ്യം അധഃപതിച്ചു കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക നാഗരികതയുടെ ശേഷിപ്പുകളും മാഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടെ ലോകത്തിനു മുമ്പില്‍ സിറിയന്‍ ജനത തോല്‍ക്കുകയാണ്.
ഫലസ്തീന്‍-ഇസ്‌റാഈല്‍ വിഷയത്തില്‍ സംസാരിക്കുന്ന അന്താരാഷ്ട്ര സമൂഹം സിറിയന്‍ വിഷയത്തില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്നതു ഖേദകരമാണ്. കരാറുകളും വാഗ്ദാനങ്ങളും നാമമാത്രമായി അവശേഷിക്കുന്നു. ഇദ്‌ലിബിലെ അക്രമവിരാമം താത്കാലികം മാത്രമാണ്. ഇപ്പോഴത്തെ തുര്‍ക്കി-റഷ്യ ഒത്തുതീര്‍പ്പ് ധാരണയുടെ നയതന്ത്ര നീക്കള്‍ക്ക് സമയം എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. സിറിയയിലെ ഭാവി അക്രമത്തെ തടയാനുള്ള ഒരേയൊരു വഴി അമേരിക്കന്‍ ഐക്യനാടുകളെയും തുര്‍ക്കിയേയും നാറ്റോയെയും ഒരു ഏകീകൃത ട്രാക്കില്‍ നിലനിര്‍ത്തുക എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."