നഗരസഭാ കൗണ്‍സില്‍ യോഗം; എന്‍ജിനീയറിങ് വിഭാഗത്തിനെതിരേ പ്രതിഷേധം
തലശ്ശേരി: ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ പൊതുമാരാമത്ത് എന്‍ജിനീയറിങ് വിഭാഗത്തിനെതിരേ ഭരണ-പ്രതിപക്ഷ പ്രതിഷേധം. എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വാഴയില്‍ വാസു എന്‍ജിനീയറിങ് വിഭാഗം ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത് നഗരസഭയിലെ 52 കൗണ്‍സിലര്‍മാരുടെ പ്രതിനിധിയായി ഭരണ-പ്രതിപക്ഷ സമരമാണ് അദ്ദേഹം നടത്തിയതെന്ന് മുസ്‌ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി.പി സാജിത ചൂണ്ടിക്കാട്ടി.
വികസന കാര്യത്തില്‍ നഗരസഭയുടെ ശോഭ കെടുത്തുന്ന നിലപാടാണ് എന്‍ജിനീയറിങ് വിഭാഗം സ്വീകരിക്കുന്നതെന്ന് സി.പി.എം അംഗം പി.വി വിജയനും പറഞ്ഞു. അടുത്തിടെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡുകള്‍ വെട്ടിപ്പൊളിച്ച് വോഡാഫോണ്‍ കമ്പനിയുടെ കേബിള്‍ ഇടുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യം പി.പി സാജിദയും മാജിദ അഷ്ഫാക്കും കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ആവശ്യപ്രകാരം ചെയര്‍മാന്റെ നിര്‍ദേശപ്രകാരമാണ് റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം വച്ചു.
തലശ്ശേരി ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലെ റോഡിന് സമീപത്തെ കവാടം അടച്ച് പൂട്ടി ഉപഭോക്താക്കളെ കഷ്ടപ്പെടുത്തുന്ന നടപടി കോണ്‍ഗ്ര്‌സ് അംഗം എം.പി അരവിന്ദാക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആശുപത്രി കാന്റീന്‍ പുതുക്കിപ്പണിയാന്‍ നിലവിലെ കാന്റീന്‍ അടച്ചിട്ട് മാസങ്ങളായിട്ടും പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കാത്തത് അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി. ഇത് മൂലം മാസത്തില്‍ 15 ദിവസം മാത്രമേ തൊഴിലാളികള്‍ക്ക് ഇവിടെ ജോലിയുള്ളൂ. അതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയുടെ വികസനത്തിന് നഗരസഭ അനുവദിച്ച 25 ലക്ഷം രൂപ ഇതു വരെ ചെലവഴിക്കാത കാര്യവും കൗണ്‍സില്‍ ചര്‍ച്ചയായി. എന്‍ജിനീയറിങ് വിഭാഗത്തിലെ കരാറുകാര്‍ക്ക് ഈ മാസം 31നകം ബില്‍ തുക നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. അഡ്വ. രത്‌നാകാരന്‍, എം. സ്്മിത, വാഴയില്‍ വാസു, എം.എ സുധീഷ്, സീനത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."