വെഞ്ഞാറമൂട്ടില്‍ വീണ്ടും എ.ടി.എം തട്ടിപ്പ്; വീട്ടമ്മയുടെ പണം നഷ്ടപ്പെട്ടു
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വീണ്ടും എ.ടി.എം തട്ടിപ്പ്, വീട്ടമ്മയുടെ പണം നഷ്ടപ്പെട്ടു. കോട്ടുകുന്നം, ഇടവംപറമ്പ്, എം.എസ്.ഭവനില്‍, ശ്രീകലയുടെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ശ്രീകലയുടെ മൊബെയിലിലേയ്ക്ക് ഒരു കോള്‍ വന്നു. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുമാണ് വിളിക്കുന്നതെന്നും നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പോകുന്നു, എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പറഞ്ഞു തരണമെന്നും ഇത് വിശ്വസിച്ച വീട്ടമ്മ വിവരങ്ങള്‍ ഫോണിലൂടെ പറഞ്ഞു കൊടുക്കുകയായിരുന്നു. അര മണിക്കൂറിനകം അവരുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി സന്ദേശം വന്നു. സംശയം തോന്നി നമ്പരിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അപ്പോഴാണ് ബാങ്ക് അവധിയാണെന്ന കാര്യം ഓര്‍മ്മ വന്നത്. തുര്‍ന്ന് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയുമായിരുന്നു. ബാങ്ക് മാനേജരുമായി ബന്ധപ്പെട്ട് തുടര്‍ന്ന് പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പലരുടെയും അക്കൗണ്ട് കളില്‍ നിന്നും ഈ രീതിയില്‍ പണം നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ബാങ്കുകള്‍ പലപ്പോഴും ഈ പരാതികള്‍ ഗൗരവമായി എടുക്കാറില്ല. മാത്രവുമല്ല പരാതിപ്പെടുന്നവര്‍ക്ക് പണം തിരിച്ചു കിട്ടാന്‍ നിരവധി നൂലാമാലകള്‍ ഉള്ളതിനാല്‍ പലരും പരാതിപ്പെടാറുമില്ല. സാധാരണക്കാരായ വീട്ടമ്മമാരാണ് ഈ വിധത്തിലുള്ള തട്ടിപ്പിനിരയാകുന്നത്. പല സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും വിവരങ്ങള്‍ ഫോണ്‍ മുഖാന്തരം വിളിച്ചു തിരക്കുന്നതിനാലാണ് ഈ വിധത്തിലുള്ള കബളിക്കപ്പെടലില്‍ പലപ്പോഴും ഇത്തരക്കാര്‍ ചെന്നുപെടുന്നത്. മുന്‍പ് വെഞ്ഞാറമ്മൂടില്‍ പൊലിസുകാരില്‍ നിന്നടക്കം എ.ടി.എം തട്ടിപ്പുവഴി പണം കവര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."