ഭക്ഷ്യഭദ്രതാ നിയമം: തയാറെടുപ്പുകള്‍ അന്തിമഘട്ടത്തില്‍
തളിപ്പറമ്പ്: ഭക്ഷ്യഭദ്രതാനിയമം ജില്ലയില്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പുകള്‍ അന്തിമഘട്ടത്തില്‍. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്കില്‍ വാതില്‍പടി വിതരണത്തിനാവശ്യമായ റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ ഏറ്റെടുത്തു തുടങ്ങി. ജൂണ്‍ ഒന്നു മുതല്‍ തന്നെ റേഷന്‍ കടകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു കൊടുക്കും. താലൂക്കിലെ പുതിയ റേഷന്‍ കാര്‍ഡുകളും ജൂണ്‍ ആദ്യവാരത്തില്‍ വിതരണത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബര്‍ മുതല്‍ കരട് പട്ടിക പ്രകാരം നടന്നുവരുന്ന റേഷന്‍ വിതരണം ജൂണ്‍ മാസം മുതല്‍ അന്തിമ പട്ടിക പ്രകാരമായിരിക്കും ലഭിക്കുക.
അന്തിമ പട്ടിക എല്ലാ റേഷന്‍ കടകളിലും പ്രദര്‍ശിപ്പിക്കും. റേഷന്‍കട കംപ്യൂട്ടര്‍വല്‍ക്കരണവും ഇപോസ് മെഷീനും ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇതോടെ ആധാര്‍ നമ്പര്‍ റേഷന്‍ കടകളില്‍ ഏല്‍പ്പിക്കാത്തവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡ് പുതുക്കല്‍ ഫോറത്തില്‍ എഴുതി നല്‍കാത്തവരുടെ ലിസ്റ്റ് എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കിയിട്ടുണ്ട്. ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ 31നകം ആധാര്‍ എടുക്കേണ്ടതാണ്. ഇനിയും ആധാര്‍ നമ്പര്‍ റേഷന്‍ കടകളില്‍ ഏല്‍പ്പിക്കാത്ത എല്ലാ അംഗങ്ങളും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സുഗമമായി ലഭിക്കുന്നതിന് റേഷന്‍ കടകളില്‍ ആധാര്‍ നമ്പര്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. സാബു ജോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."