സമസ്തയ്ക്കു വര്‍ഗീയ ചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല: പി. ജയരാജന്‍
കണ്ണൂര്‍: സുപ്രഭാതം മുഖപ്രസംഗത്തെക്കുറിച്ച് താന്‍ മീഡിയാ വണ്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണെന്നു സി.പി.എം സംസ്ഥാനസമിതി അംഗം പി. ജയരാജന്‍. ഡിസംബര്‍ 19നു ഫേസ്ബുക്ക് കുറിപ്പില്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മുസ്‌ലിംലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണു മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇതു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ നേതൃത്വം തന്നെ ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ഇതേക്കുറിച്ചാണ് മുഖപ്രസംഗം. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുകതന്നെ വേണം എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സി.പി.എം പ്രവര്‍ത്തകന്‍ എന്നനിലയ്ക്ക് ഇതിനോടു പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ വര്‍ഗീയ പ്രചരണത്തിന്റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്കു കാണാന്‍ കഴിയില്ല. സമസ്തയ്ക്കു വര്‍ഗീയ ചിന്തയുള്ളതായി താന്‍ വിമര്‍ശിച്ചിട്ടുമില്ല. അതേസമയം യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള തെരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വര്‍ഗീയതയ്ക്കു തിരികൊളുത്തുന്നതു യു.ഡി.എഫ് ആണ്. ജമാഅത്ത് വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവര്‍ സമസ്തയില്‍ ഉണ്ടെന്നതും വസ്തുതയാണ്.
വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാരാണു പിണറായിയുടേത്. ആ മുഖ്യമന്ത്രിയെയും സി.പി.എം നേതാക്കളെയും വര്‍ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘ്പരിവാറിന് ഊര്‍ജം പകരുന്നതാണെന്നും പി. ജയരാജന്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."