വിഷമദ്യം കഴിച്ച് വയനാട്ടില്‍ പിതാവും മകനുമടക്കം മൂന്നു പേര്‍ മരിച്ചു
വെള്ളമുണ്ട: വിഷമദ്യം കഴിച്ച് വയനാട്ടില്‍ മൂന്നു പേര്‍ മരിച്ചു. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പ്രമോദ്(32), പിതാവ് തിഗന്നായി(75), ബന്ധുവായ പ്രസാദ്(36) എന്നിവരാണ് മരിച്ചത്.
തികന്നായി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി വരുന്ന ആളാണ് തിഗന്നായി. ഇന്നലെ രാവിലെ 11 മണിക്ക് പൂജക്ക് വന്ന യുവാവ് കൊടുത്ത മദ്യം കഴിച്ച തിഗന്നായി ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തരുവണ എത്തിയപ്പോഴേക്കും മരിച്ചു. പ്രായം ചെന്ന ആളായതിനാല്‍ സംശയം തോന്നിയില്ലെന്നും സാധാരണ മരണമെന്ന നിലക്ക് സംസ്‌ക്കരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
ബാക്കി വന്ന മദ്യം ഇന്നലെ രാത്രി പ്രമോദു പ്രസാദും കഴിച്ചിരുന്നു. മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരണപ്പെടുകയായിരുന്നു. മദ്യത്തില്‍ വിഷാംശമുള്ളതായി സംശയമുണ്ട്.
പ്രമോദ് അവിവാഹിതനാണ്. കൂലിപ്പണിക്കാരനുമാണ്. മാതാവ് ഭാരതി. പ്രസാദ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ: ഷീജ. പരേതനായ ഗോപാലനാണ് പിതാവ്. മാതാവ്: കല്യാണി.
മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പൊലിസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."