റെയില്‍വേ സ്വകാര്യവല്‍ക്കരണം: സി.ഐ.ടി.യു പ്രക്ഷോഭത്തിലേക്ക്
രാജ്ഭവന്‍ മാര്‍ച്ച് ഓഗസ്റ്റ് 14ന്
തിരുവനന്തപുരം: റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരേ ഓഗസ്റ്റ് 14ന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിച്ച് രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചി യൂനിറ്റിനെ ബി.പി.സി.എല്‍ ഏറ്റെടുക്കണം. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണം പൂര്‍ണമാക്കി പ്രതിസന്ധി പരിഹരിക്കണമെന്നും സി.ഐ.ടി.യു ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യവ്യാപകമായ പോരാട്ടം ശക്തമാക്കുമെന്ന് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഫാക്ടറികളിലെ തൊഴിലാളികള്‍ നിലവില്‍ സമരത്തിലാണ്. ഈ സമരം പൊതുസമൂഹം ഏറ്റെടുക്കണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ നേട്ടം തൊഴിലാളികള്‍ക്ക് മാത്രമല്ല, പൊതുജനങ്ങള്‍ക്ക് മൊത്തം ലഭിക്കുന്നതാണ്. ഈ കമ്പനികള്‍ കോര്‍പറേറ്റുകള്‍ക്ക് വിറ്റാല്‍ സാധാരണക്കാരന് ഒരു നേട്ടവും ലഭിക്കാതെയാകുമെന്നും തപന്‍ സെന്‍ പറഞ്ഞു.
ശനിയാഴ്ച തുടങ്ങിയ കൗണ്‍സില്‍ ഇന്നലെ സമാപിച്ചു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."