അതീവ സുരക്ഷാമേഖലയില്‍ സമരക്കാര്‍, മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിഷയവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ അതീവ സുരക്ഷാമേഖലകളില്‍ പ്രതിഷേധവുമായി എത്തിയതില്‍ മുഖ്യമന്ത്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി.
കെ.എസ്.യു പ്രവര്‍ത്തക സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നതിനു പിന്നാലെ ക്ലിഫ് ഹൗസിന്റെ ഗെയ്റ്റ് വരെ സമരക്കാരെത്തിയതില്‍ മുഖ്യമന്ത്രി ഇന്റലിജന്‍സ് വിഭാഗത്തെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കെ.എസ്.യുവിന്റെ വനിതാ പ്രവര്‍ത്തക ഇരച്ചെത്തിയപ്പോള്‍ പിടിച്ചുമാറ്റാന്‍ ഒരു വനിതാ പൊലിസ് പോലും അവിടെയുണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസം അത്തരമൊരുസമരം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് കണ്ടെത്താനാകാത്തതിലും ആവശ്യത്തിന് വനിതാ പൊലിസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്.
ഇത് ഗുരുതര സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും കെ.ടി ജലീലിന്റെ ഓഫിസിന് മുന്നിലും സമരക്കാരെത്തി. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നില്‍ പോലും കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞത് പൊലിസിന് നാണക്കേടായി. മാധ്യമങ്ങള്‍ കൃത്യമായി സമരങ്ങള്‍ അറിയുകയും തത്സമയ സംപ്രേഷണം നടത്തുകയും ചെയ്യുമ്പോള്‍ ഈ സ്ഥലങ്ങളില്‍ ആവശ്യത്തിന് പൊലിസ് ഇല്ലാതിരിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്.
യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും: ചെന്നിത്തല
കോഴിക്കോട്: യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ യു.ഡി.എഫ് ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന കെ.എസ്.യു നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.
യൂനിവേഴ്‌സിറ്റി കോളജ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരീക്ഷാ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."