പേനാക്കത്തി മുതല്‍ ബുള്‍ക്കാന്‍ ചപ്പാത്തി മേക്കര്‍ വരെ
ആലപ്പുഴ: പേനാക്കത്തി മുതല്‍ ബുള്‍ക്കാന്‍ ചപ്പാത്തി മേക്കര്‍ വരെ ലഭ്യമാകുന്ന കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ വീട്ടമ്മമാരുടെ തിരക്കേറുന്നു.
കോട്ടയം ജില്ലയിലെ സാഫല്യം യൂണിറ്റ്, കൊല്ലം ജില്ലയിലെ ശിവകീര്‍ത്തന, പാലക്കാട് ജില്ലയില്‍ പറളി പഞ്ചായത്തിലെ അര്‍ച്ചന എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് വിവിധയിനം കറിക്കത്തികള്‍ കൂടാതെ ആലയില്‍ ഉണ്ടാക്കിയ വിവിധ സാമഗ്രികളുമായി എത്തിയിട്ടുള്ളത്. പേനാക്കത്തി, പാക്ക് കത്തി മുതല്‍ വലിയ മീനും ഇറച്ചിയും മുറിക്കുന്ന കത്തികള്‍ വരെ മേളയില്‍ ലഭ്യമാണ്. ആലയില്‍ പണിതെടുക്കുന്ന ഇരുപത്തഞ്ചിലധികം നാടന്‍ കറിക്കത്തികളാണ് മേളയില്‍ എത്തിയിയിട്ടുളളത്.
ഇവയ്ക്ക് 50 മുതല്‍ 150 രൂപ വരെയാണ് വില. കൂടാതെ കടുകു വറുക്കുന്ന ചെറിയ ഇരുമ്പു ചട്ടി മുതല്‍ വിവിധ വലിപ്പത്തിലുള്ള ഫ്രൈയിങ്ങ് പാനുകള്‍, പപ്പടംകുത്തി, ദോശക്കല്ലില്‍ എണ്ണ തേയ്ക്കാനുള്ള ബ്രഷ് എന്നിവയും മേളയില്‍ ലഭിക്കും. 120 രൂപ മുതല്‍ വിലയുള്ള ബുള്‍ക്കാന്‍ ചപ്പാത്തി മേക്കറും മേളയില്‍ വാങ്ങാം. ഗ്യാസ് അടുപ്പിനു മുകളില്‍ ഈ ചപ്പാത്തി മേക്കര്‍ വച്ച് എണ്ണ കൂടാതെ ചപ്പാത്തി ചുട്ടെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
മസാലദോശക്കല്ലും ലഭ്യമാണ്. ഇതിന് 400 മുതല്‍ 500 രൂപ വരെയാണ് വില. കൂടാതെ പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന പുല്ലുവെട്ടി, ചെറിയ തുമ്പ, ചെറിയ കോടാലി, കത്തിക്കു മൂര്‍ച്ച കൂട്ടാന്‍ ഉപയോഗിക്കുന്ന അരം മുതല്‍ വലിയ വെട്ടരിവാള്‍ വരെയും കുടുംബശ്രീ സ്റ്റാളില്‍ ലഭിക്കും. മേളയ്‌ക്കെത്തിയിട്ടുള്ള യൂണിറ്റ് അംഗങ്ങളായ രാജി,മിനി എന്നിവര്‍ പരമ്പരാഗതമായി ഇരുമ്പു പണി ചെയ്യുന്നവരാണ്. കുടുംബശ്രീ, ഐ.ആര്‍.ഡി.പി. വിപണന മേളകളില്‍ ഇവര്‍ സ്ഥിരമയി പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ ഓണത്തിന് കൊല്ലം ആശ്രാമം മൈതാനത്തു സംഘടിപ്പിച്ച സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലുംപങ്കെടുത്ത് ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."