നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചു: ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: അഭയകൊലക്കേസ് വിധിയില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേരളത്തിലെ ജനങ്ങളുടെ നിയമത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. കോടികള്‍ മുടക്കി പ്രതികള്‍ ശ്രമിച്ചിട്ടും കോടതി നീതിയുക്തമായി വിധി പറഞ്ഞു. സാക്ഷികളെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടപ്പിലായില്ലെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസില്‍ നടത്തിയത്.
എല്ലാ ഭീഷണികളേയും അതിജീവിച്ചാണ് ഈ കേസില്‍ നിയമപോരാട്ടം തുടര്‍ന്നതെന്നും ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.അടക്കരാജുവിന്റെ വേഷത്തിലാണ് ദൈവം ഈ കേസില്‍ അവതരിച്ചത്. അടക്കാരാജുവാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. അഭയയെ കൊലപ്പെടുത്തിയ ദിവസം മോഷണത്തിനായി കോണ്‍വെന്റിലെത്തിയ അടക്കാരാജു ഫാദര്‍ തോമസ് കാട്ടൂരിനേയും സിസ്റ്റര്‍ സെഫിയെയും കോണ്‍വെന്റില്‍ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.
1992 മാര്‍ച്ച് 31നാണ് ജോമോന്‍ പുത്തന്‍ പുരക്കല്‍ കണ്‍വീനറായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.കേസില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി ഇടപെടല്‍ ആരംഭിച്ചത്.
അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."