പുലിമുട്ട് നിര്‍മാണവും കടല്‍ഭിത്തി ഉയരം കൂട്ടലും സ്തംഭനാവസ്ഥയില്‍
പള്ളുരുത്തി: വര്‍ഷകാലം എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചെല്ലാനം തീരദേശവാസികളുടെ നെഞ്ചിടിപ്പ് കൂടുന്നു. കടല്‍ഭിത്തിയുടെ അറ്റകുറ്റ പണികളും ഉയരം കൂട്ടലും നടക്കാത്തതിന് പുറമേ പുലിമുട്ട് നിര്‍മാണ ജോലികള്‍ക്കും തടസം നേരിടുന്നതാണ് തീരദേശവാസികളെ ആശങ്കയിലാക്കുന്നത്.
വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന കടല്‍ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും പുതിയ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരദേശവാസികള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനിടയാക്കിയ കാരണങ്ങളില്‍ ഒന്നായിരുന്നു ഇത്. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കടല്‍ഭിത്തി നിര്‍മാണം അറ്റകുറ്റ പണി എന്നിവക്കായി 42 കോടിയും പുലിമുട്ട് നിര്‍മാണത്തിനായി 300 കോടിയും വകയിരുത്തിയെങ്കിലും രൂക്ഷമായ കടലാക്രമണം നേരിടുന്ന ചെല്ലാനം മേഖലയില്‍ ഒന്നും നടപ്പാക്കിയില്ല.
പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലുള്ള ആശയകുഴപ്പമാണ് തടസമെന്ന് പറയുന്നു.
പുലിമുട്ട് നിര്‍മാണം തീരശോഷണത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിറ്റി ഇതിന്റെ നിര്‍മാണത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണെന്നാണ് പറയുന്നത്. ജിയോബാഗ് പോലുള്ള പകരം സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായി പ്രയോഗത്തില്‍ വരുത്താത്തത് തീരവാസികളെ ആശങ്കയിലാക്കുന്നു.
മദര്‍ഷിപ്പുകള്‍ അടുക്കുന്നത് മൂലം തുറമുഖത്തിന് തുടര്‍ച്ചയായി ആഴം കൂട്ടുന്നതും തീരത്തെ മണ്ണിടിച്ചിലും ഇത് മൂലം കടല്‍ഭിത്തി തകരുകയും ചെയ്യുകയാണ്.ഇത് തടയാന്‍ നടപടിയില്ലാത്തത് വരുന്ന വര്‍ഷക്കാലം ചെല്ലാനം നിവാസികളെ ദുരിതത്തിലാക്കും.തെക്കേ ചെല്ലാനം,സെന്റ് ജോര്‍ജ്ജ് പള്ളി പരിസരം, ആലുങ്കല്‍ കടപ്പുറം, മറുവക്കാട്, വേളാങ്കണ്ണി, കണ്ണമാലി, ചെറിയകടവ് എന്നീ പ്രദേശങ്ങള്‍ ദുരന്തത്തിന്റ വക്കിലാണ്. കടല്‍ഭിത്തി ബലപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."