ഒന്നര കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയില്‍
കരുവാരകുണ്ട്: തദ്ദേശീയരായ ചെറുകിട കച്ചവടക്കാരെ ലക്ഷ്യംവെച്ച് കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി പറക്കാടന്‍ അബ്ദുല്‍ സലാം(52) പൊലിസ് പിടിയില്‍. മാമ്പറ്റ കപ്പിലാംതോട്ടം ഭാഗത്ത് ഒലിപ്പുഴയില്‍ നിന്നും മണല്‍ കടത്തുന്നത് തടയിടാന്‍ പുഴയോരങ്ങളില്‍ പരിശോധനക്കായി പുറപ്പെട്ടതായിരുന്നു എസ്.ഐയും സംഘവും. മാമ്പറ്റ പാലത്തിന്റെ സമീപം വഴിയില്‍ നിന്നിരുന്ന പ്രതിയോട് വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഇയാള്‍ പൊലിസിനെ കണ്ട് ഓടുകയായിരുന്നു. സംശയം തോന്നിയ പൊലിസ് പ്രതിയെ പിന്തുടര്‍ന്ന് പിടിച്ച് കയ്യിലുണ്ടായിരുന്ന ബിഗ് ഷോപ്പര്‍ തുറന്ന് പരിശോധിച്ചു. പരിശോധനയില്‍ പോളിത്തീന്‍ കവറുകളിലാക്കിയ നിലയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എത്തെനാട്ടുകര , വെള്ളിയഞ്ചേരി, പാതിരിക്കോട്, കരുവാരകുണ്ട് , മേലാറ്റൂര്‍ ഭാഗങ്ങളില്‍ 18 വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു.
പ്രതിക്ക് കഞ്ചാവ് കിട്ടുന്ന ഉറവിടത്തെപ്പറ്റിയും പ്രതി കഞ്ചാവ് വില്‍ക്കുന്ന തദ്ദേശീയരായ ചെറുകിട കച്ചവടക്കാരെപ്പറ്റിയുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിയിലാണ് പൊലിസ്. എസ്.ഐ. ജോതീന്ദ്രകുമാര്‍, സീനിയര്‍ സി.പി.ഒ മാരായ സെബാസ്റ്റ്യന്‍ രാജേഷ്, അജിത് കുമാര്‍, രാമചന്ദ്രന്‍, സജീവന്‍, സി.പി.ഒ. അരുണ്‍. കെ. കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."