ഹൃദയാഘാതം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി: മരണ നിരക്ക് കാന്‍സറിനേക്കാള്‍ കൂടുതല്‍: അകാലത്തില്‍ പൊലിയുന്നതിലേറെയും ചെറുപ്പക്കാര്‍
കൊച്ചി: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഹൃദയസംബന്ധ രോഗങ്ങളെ നേരിടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി സി .എസ്.ഐ ഹാര്‍ട്ട് ഫെയിലര്‍ കൗണ്‍സിലിന്റെ സ്‌നാപ് സര്‍വേ ഫലം പുറത്തിറക്കി. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഹാര്‍ട്ട് ഫെയില്യര്‍ സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജൂലൈ 8മുതല്‍ 14 വരെ 25 സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഹാര്‍ട്ട് ഫെയില്യര്‍ രോഗികളുടെ വിവരങ്ങള്‍ സംബന്ധിച്ച പീന റിപ്പോര്‍ട്ടാണിത്.
റിപ്പോര്‍ട്ട് ഫലം രോഗത്തെ സംബന്ധിച്ച് ആശ്വാസ്യമായ ചിത്രമല്ല നല്‍കുന്നതെന്ന് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ.അംബുജ് റോയ് പറഞ്ഞു. ഹൃദയ സ്തംഭന മരണ നിരക്ക് കാന്‍സറിനേക്കാള്‍ കൂടുതലാണ്. അറുപത് വയസിന് മുകളിലുള്ളവരേക്കാള്‍ താരതമ്യേന ഹൃദയം തകര്‍ന്നവരില്‍ കൂടുതലുള്ളത് ചെറുപ്പക്കാര്‍ക്കാണ്. കഠിനമായ ഹൃദയാഘാതത്തിന്റെ അനന്തരഫലമായി ഹാര്‍ട്ട് ഫെയില്യര്‍ സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല. ഇരട്ടി ക്ലേശമാണ് ഇവര്‍ക്കുള്ളതെന്നും ഡോ.അംബുജ് റോയ് പറഞ്ഞു.
ഹൃദായാഘാതം മൂലം ഒരു വര്‍ഷത്തില്‍ 30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.എ ജാബിര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനിടയില്‍ 50ശതമാനം മാത്രമാണ് അതിജീവന നിരക്ക്. മിക്ക രോഗികളേയും ആറുമാസത്തിനുള്ളില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യവെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ദുര്‍ബലമാകുന്നതാണ് ഹാര്‍ട്ട് ഫെയില്യര്‍.
ഹൃദയാഘാതം ഒരു കാരണം മാത്രമാണ്. ഹൃദയപേശികളുടെ വീക്കം, ജന്‍മനാലുള്ള ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദയ താളപ്പിഴകള്‍, അമിതവണ്ണം, വൃക്ക രോഗങ്ങള്‍ എന്നിവയും ഹൃദയ തകരാറിന് കാരണമാകാം. സംസ്ഥാനത്ത് ആദ്യമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക ചെയര്‍മാന്‍ ഡോ.പി.പി.മോഹനന്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സി.എസ്.ഐ കേരള ചാപ്റ്ററാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."