ജയലാല്‍ എം.എല്‍.എയ്‌ക്കെതിരേ സി.പി.ഐ നടപടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാര്‍ട്ടിയുടെ അനുമതിയില്ലാതെ കൊല്ലത്ത് സഹകരണ സംഘത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രി വാങ്ങാന്‍ കരാറെഴുതിയ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിനെതിരേ നടപടിയെടുക്കാന്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നെല്ലാം ജയലാലിനെ ഒഴിവാക്കാനാണു ധാരണ.
എന്നാല്‍ സംസ്ഥാന കൗണ്‍സിലിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ജയലാല്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ്. സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമനുസരിച്ചു സഹകരണ സംഘത്തിന്റെ പ്രസിഡന്റു സ്ഥാനത്തുനിന്നും ജയലാല്‍ രാജിവയ്ക്കും.
ജയലാല്‍ എം.എല്‍.എയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും വിലയിരുത്തലുണ്ടായി.
കൊല്ലം നഗരത്തില്‍ 75 സെന്റില്‍ സ്ഥിതിചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്കു വാങ്ങാന്‍ ജയലാല്‍ പ്രസിഡന്റായി രജിസ്റ്റര്‍ ചെയ്ത സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി കരാറെഴുതിയതാണ് സി.പി.ഐയില്‍ വിവാദമായത്.
ഒരു കോടിയിലേറെ രൂപ നല്‍കി ആശുപത്രി വാങ്ങാന്‍ കരാറെഴുതിയിട്ടും പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നില്ല.
നല്‍കിയ ഒരുകോടി രൂപയുടെ സ്രോതസും പാര്‍ട്ടിയെ അറിയിച്ചില്ല. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം, ചാത്തന്നൂര്‍ മണ്ഡലം കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം ഭരണസമിതി. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് സംഘം റജിസ്റ്റര്‍ ചെയ്തത്. 80 കോടി രൂപ ഓഹരി മൂലധനമായി സമാഹരിക്കാനായിരുന്നു ലക്ഷ്യം.
തുക മുഴുവന്‍ ഉടമകള്‍ക്ക് നല്‍കുന്നതിനു മുന്‍പേ ആശുപത്രിയുടെ ഭരണനിയന്ത്രണം സംഘത്തിനു ലഭിച്ചതെങ്ങനെയെന്നും പാര്‍ട്ടി ചര്‍ച്ചചെയ്തിരുന്നു.
ഇടപാട് അന്വേഷിക്കാന്‍ പാര്‍ട്ടി കൊല്ലം ജില്ലാ നേതൃത്വത്തോടു സി.പി.ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പാര്‍ട്ടി അന്വേഷണത്തില്‍ ജയലാല്‍ തെറ്റു സമ്മതിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."