പാകിസ്താനി ജനതക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍; റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പിന് 20000 പൗണ്ട് പിഴ
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ട് ഫൈന്‍(19,85,162.86 രൂപ). ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോമിന്റേതാണ് നടപടി. പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കാണ് റിപ്പബ്ലിക്ക് ഭാരതിന് ഫൈന്‍ ഏര്‍പ്പെടുത്തിയത്. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.
ഒരു വര്‍ഷം മുന്‍പ് റിപ്പബ്ലിക്ക് ഭാരതില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. റിപ്പബ്ലിക്ക് ഭാരതില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടി ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം ചൂണ്ടിക്കാട്ടുന്നു.
2019 സെപ്തംബര്‍ ആറിന് അര്‍ണബ് അവതരിപ്പിച്ച പരിപാടിയില്‍ പാകിസ്താനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചു.
പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്താനി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് നല്‍കിയ നോട്ടിസില്‍ പറയുന്നു.
ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യവുമായും ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്. പരിപാടിയില്‍ പാകിസ്താനില്‍ നിന്നുള്ള അതിഥികളെയും പങ്കെടുപ്പിച്ചിരുന്നു.
എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്താന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെന്ന് റിപ്പബ്ലിക്ക് ഭാരത് ടിവിയെ ഓഫ്‌കോം നേരത്തെ അറിയിച്ചിരുന്നു. പരിപാടി യു.കെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് നിലവില്‍ വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."