പ്രളയം പഴയന്നൂരിന് സമ്മാനിച്ചത് 75 ലക്ഷം രൂപയുടെ നഷ്ടം
ചേലക്കര: പെരുംപ്രളയത്തില്‍ പഴയന്നൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നഷ്ടം 75 ലക്ഷം രൂപ.
നെല്ല്, പച്ചക്കറി, വാഴ എന്നീ കൃഷികളില്‍ പൂര്‍ണമായും കുരുമുളക്, ജാതി, റബ്ബര്‍, കമുക് തുടങ്ങിയ വിളകളില്‍ ഭാഗികമായ നഷ്ടവും സംഭവിച്ചു. പ്രാഥമികമായി ഏകദേശം 75 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന്‍ അറിയിച്ചു. നാശ നഷ്ടം സംഭവിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതില്‍ സര്‍ക്കാരില്‍ നിന്ന് 55 ലക്ഷം രൂപ ധനസഹായം ലഭിക്കാവുന്ന 1118 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 518 പേര്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറി. ബാക്കി അപേക്ഷകള്‍ പരിശോധിച്ച് ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഒക്ടോബര്‍ 10നുള്ളില്‍ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും. 3490 മീറ്റര്‍ ബണ്ട് പൊട്ടിയതിന് ധനസഹായത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ മണ്ണ് നീക്കം ചെയ്യാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അടിയന്തരമായി മൂന്നു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പുരോഗമിയ്ക്കുകയാണ്. ഇതോടൊപ്പം മോട്ടറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഫണ്ട് ലഭ്യമാക്കും. കല്ലേപ്പാടം, നീലിച്ചിറ പാടശേഖരങ്ങളില്‍ പൊട്ടിയ തോടിന്റെ വിവിധ ഭാഗങ്ങള്‍ പൊറ്റ നീര്‍ത്തട പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് മണ്ണ് ജല സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ അടിയന്തരമായി ഇടപെട്ട് പ്രവൃത്തികള്‍ നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. വിള ഇന്‍ഷൂറന്‍സ് വഴി ലഭ്യമാക്കുന്ന തുക കൂടുതല്‍ ആയതിനാല്‍ വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കൃഷിഭവനെ സമീപിക്കാവുന്നതാണെന്നും ശോഭന രാജന്‍ അറിയിച്ചു. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളില്‍ ജന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭന രാജന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."