പദവിയുടെ മഹത്വം ഗവര്‍ണര്‍മാര്‍ നഷ്ടപ്പെടുത്തരുത്
പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതോടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്റേതായ ഇടം അദ്ദേഹം കറുത്ത ഏടുകളില്‍ കുറിച്ചിട്ടിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന്റെയും ഭരണകൂടങ്ങളുടെയും ചരിത്രം പഠിക്കുന്ന ചരിത്രാന്വേഷികള്‍ക്ക്, മഹത്വമാര്‍ന്ന ഗവര്‍ണര്‍ പദവിയെ തന്റെ രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് തിരുമുല്‍ക്കാഴ്ചവച്ച ഒരു ഗവര്‍ണറെയായിരിക്കും കാണാന്‍ കഴിയുക.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ ദിവസങ്ങളായി കടുത്ത ശൈത്യം വകവയ്ക്കാതെ സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കേരള ജനത അവര്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്താനും കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ പ്രമേയം പാസാക്കാനുമായി ഇന്നലെ നിയമസഭ ചേരാനായിരുന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഗവര്‍ണര്‍ മുട്ടാപ്പോക്ക് പറഞ്ഞ് സഭ ചേരാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനത്തിന് എതിരേ ഭരണഘടനാവിരുദ്ധമായ ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിനെതിരേയും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള തന്റെ വിനീതവിധേയത്വം ഗവര്‍ണര്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയുടെ പ്രസിദ്ധ കഥാപാത്രമായ ഭാസ്‌ക്കര പട്ടേലറെന്ന സവര്‍ണജന്മിയുടെ പ്രതിച്ഛായയാകുമ്പോള്‍ ഭരണഘടനയുടെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ട ഗവര്‍ണര്‍മാര്‍ വിനീതവിധേയരായ തൊമ്മിമാരായി അധഃപതിക്കുന്നതില്‍ അത്ഭുതമില്ല. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തവകാശമെന്നായിരുന്നു പൗരത്വ നിയമഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഗവര്‍ണര്‍ അന്ന് ചോദിച്ചത്.
ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഒരു നിയമം സംഘ്പരിവാര്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി പാസാക്കുമ്പോള്‍ അതിനെതിരേ പ്രതികരിക്കേണ്ട ബാധ്യത ജനാധിപത്യത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനുണ്ട് എന്നദ്ദേഹം അറിയാതെ പോയി. അന്ന് പറഞ്ഞ മുടന്തന്‍ന്യായത്തിന്റെ ആവര്‍ത്തനമാണ് നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ചുകൊണ്ടു ഗവര്‍ണര്‍ ഇപ്പോള്‍ നല്‍കിയ ഉത്തരവ്. മൂന്നു മാസം മുന്‍പ് പാസാക്കിയ നിയമത്തിനെതിരേ അന്ന് പ്രതികരിക്കാതെ ഇപ്പോള്‍ പ്രമേയം പാസാക്കാന്‍ എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന ഗവര്‍ണറുടെ ചോദ്യം യുക്തിസഹമല്ല. മന്ത്രിസഭാ യോഗ തീരുമാനമായി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശയുടെ അടിയില്‍ ഒപ്പ് ചാര്‍ത്തുക എന്ന ചുമതല മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഏത് സാഹര്യത്തിലാണ് സര്‍ക്കാര്‍ നിയമസഭ വിളിച്ചു കൂട്ടുന്നതെന്ന് അന്വേഷിക്കാനുള്ള ബാധ്യതയൊന്നും ഗവര്‍ണര്‍മാര്‍ക്കില്ല. ഏത് സാഹചര്യത്തിലും സഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. അങ്ങനെ തീരുമാനിച്ചാല്‍ സമര്‍പ്പിക്കപ്പെടുന്ന ശുപാര്‍ശയില്‍ ഒപ്പിടുകയെന്നത് മാത്രമാണ് ഗവര്‍ണര്‍മാരുടെ കര്‍ത്തവ്യം. എന്നാലും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് കര്‍ഷക സമരം അനന്തമായി നീളുന്നത് ഉല്‍ക്കണ്ഠയുണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് ഇതൊരു അടിയന്തര സാഹചര്യമായി തീരുന്നതും. ഗവര്‍ണര്‍ക്ക് അത് മനസിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കുറ്റമല്ല.
കാര്‍ഷിക പ്രക്ഷോഭം രൂക്ഷമായത് അടുത്ത ദിവസങ്ങളിലാണ്. കര്‍ഷകരുടെ യഥാര്‍ഥ പ്രതിസന്ധി അറിയുന്നതിന് പകരം സമരം ചെയ്യുന്ന കര്‍ഷക നേതാക്കളെ ചര്‍ച്ചാ പ്രഹസനങ്ങള്‍ക്ക് നിരന്തരം വിളിച്ചുവരുത്തി അവരുടെ ആത്മവീര്യം ചോര്‍ത്തിക്കളയാനുള്ള കുത്സിത തന്ത്രങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പയറ്റിയത്. ഇത്തരമൊരു സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ ഗവര്‍ണര്‍ ഭരണഘടന വിട്ട് കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ തിട്ടൂരങ്ങള്‍ക്ക് കാത്ത് നില്‍ക്കുന്നത് ജനാധിപത്യ ഭരണ സമ്പ്രദായത്തെ തുരങ്കം വയ്ക്കുന്നതാണ്. ഭരണഘടനയുടെ 174 (1) അനുഛേദത്തിന് വിരുദ്ധമായ നടപടിയാണ് ഗവര്‍ണറില്‍ നിന്നുണ്ടായിരിക്കുന്നത്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍മാര്‍ക്ക് വിവേചനാധികാരമില്ല. സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കുക എന്നത് മാത്രമാണ് ഗവര്‍ണര്‍മാരുടെ കടമയെന്ന് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയാതെ പോകാന്‍ വഴിയില്ല. കീഴ്‌വഴക്കങ്ങളും അതാണ്.
രാഷ്ട്രപതിമാരും ഗവര്‍ണര്‍മാരും മന്ത്രിസഭകളുടെ ഉപദേശകര്‍ മാത്രമാണ്. 1975 ല്‍ സുപ്രിംകോടതി, പഞ്ചാബ് സംസ്ഥാനവും ഷംസിര്‍ സിങും തമ്മിലുള്ള കേസില്‍ ഈ കാര്യം വ്യക്തമാക്കിയതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിര്‍ദേശങ്ങള്‍ ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങളായി പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ മാറി ക്കൊണ്ടിരിക്കുന്നത് ജനാധിപത്യ ഭരണ രീതിയെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതും കൂടിയാണ്.
ഒരു മണിക്കൂര്‍ മാത്രം തുടരുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സംസാരിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ നിയമസഭ ചേരാനുള്ള അനുമതി നിഷേധിച്ചതിലൂടെ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയ അസാധാരണ സാഹചര്യത്തിനാണ് ഗവര്‍ണര്‍ കാരണക്കാരനായിരിക്കുന്നത്.
പുതിയ കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് സംസ്ഥാനം നിയമോപദേശം തേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പുതിയ നിയമനിര്‍മാണം നടത്താമെന്നും അതോടൊപ്പം തന്നെ വിവാദ നിയമത്തിനെതിരേ സുപ്രിം കോടതിയെ സമീപിക്കാമെന്നും നിയമോപദേശവും കിട്ടിയിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലേക്കുള്ള ആദ്യപടി എന്ന നിലക്കായിരിക്കണം സര്‍ക്കാര്‍ ഇന്നലെ നിയമസഭ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. അതാണിപ്പോള്‍ ഗവര്‍ണര്‍ നിയമവിരുദ്ധമായി തടഞ്ഞത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇടയില്‍ സഹകരണത്തിന്റെ പാലം പണിയാനാണ് ഗവര്‍ണര്‍മാര്‍ നിയുക്തരാകുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അത്തരം പാലങ്ങള്‍ തകര്‍ക്കാനുള്ള ജോലിയാണ് കേന്ദ്ര സര്‍ക്കാര്‍ ബി.ജെ.പി ഇതര സംസ്ഥാന ഭരണകൂടങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് വീതിച്ച് നല്‍കിയിരിക്കുന്നത്. ആ ജോലിയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."