രാത്രിമഴ തോര്‍ന്നു; വിടവാങ്ങിയത് മണ്ണിനും മനുഷ്യനും വേണ്ടി ജീവിച്ച പെണ്‍കരുത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 'രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും...' മനുഷ്യമനസ്സുകളെ പ്രകൃതീഭാവങ്ങളോട് സമന്വയിപ്പിച്ച കവയിത്രി സുഗതകുമാരി ഓര്‍മയായതോടെ കവിതയുടെ രാത്രിമഴയാണ് പെയ്‌തൊഴിഞ്ഞത്. കവിതപോലെ തന്നെ പ്രകൃതിയെയും മനുഷ്യനെയും നെഞ്ചോടുചേര്‍ത്ത കവയിത്രിയാണ് സാംസ്‌കാരിക കേരളത്തോട് വിടപറഞ്ഞത്.
നാളേക്കുവേണ്ടിയുള്ള കലഹമായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിതം മുഴുവന്‍. കവിതയിലായാലും ജീവിതത്തിലായാലും നാളെയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും മാനുഷികമൂല്യങ്ങളെക്കുറിച്ചുമൊക്കെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു അവര്‍. മരത്തിനു സ്തുതി, കുറിഞ്ഞിപ്പൂക്കള്‍, സൈലന്റ് വാലി, കാടും കടലും, തുലാവര്‍ഷപ്പച്ച, പശ്ചിമഘട്ടം, മഴയത്ത് ചെറിയ കുട്ടി, ഒരു പാട്ടു പിന്നെയും, കാക്കപ്പൂവ്, നിര്‍ഭയ, ചൂട്, കാട് തുടങ്ങിയ കവിതകള്‍ ടീച്ചറുടെ പ്രകൃതീ സ്‌നേഹം വ്യക്തമാക്കുന്നതാണ്. 'ഒരു തൈ നടാം നമ്മുക്കമ്മയ്ക്കു വേണ്ടി, ഒരു തൈ നടാം കൊച്ചു മക്കള്‍ക്കു വേണ്ടി...' എന്ന ഒറ്റക്കവിത മാത്രം മതി അവരുടെ പ്രകൃതിസ്‌നേഹവും നാളേക്കുള്ള കരുതലും എത്രമാത്രമാണെന്നറിയാന്‍.
കേവല വൈകാരികത എന്നതിനപ്പുറം വ്യത്യസ്ത മാനങ്ങള്‍ ആവിഷ്‌കരിക്കുന്നതായിരുന്നു ടീച്ചറുടെ കവിതകള്‍.
തന്റെ ദുഃഖത്തിന്റെ സാമൂഹികമാനത്തെ ഊട്ടിയുറപ്പിക്കുന്ന നിരവധി കവിതകള്‍ അവരുടേതായുണ്ട്. ബിഹാര്‍, ബയാഹു, കൊളോസസ്, വിധിദിനങ്ങള്‍, അഭയാര്‍ത്ഥിനി, പുതിയ പാതാളം, തലശേരികള്‍, പഞ്ചാബ്, സാരേ ജഹാം സേ അഛാ, ആദിവാസി സാക്ഷരത തുടങ്ങിയ നിരവധി കവിതകള്‍ അവരുടെ സാമൂഹ്യ, രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്.
സമൂഹത്തിെന്റ അനീതികളെയും നിസ്സഹായതകളെയും ബലഹീനതകളെയും സംവേദനക്ഷമമായ മനസ്സ് ഒപ്പിയെടുത്തതിന്റെ നേര്‍ക്കാഴ്ചകളാണ് ഈ കവിതകളെല്ലാം.
കവിതയുടെ കാല്‍പ്പനികതയില്‍ ഒതുങ്ങിനില്‍ക്കാതെ പ്രകൃതിയിലേക്കും മനുഷ്യരിലേക്കും ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനും കവയത്രി മറന്നില്ല. അട്ടപ്പാടിയിലെ ബൊമ്മിയാംപടിയില്‍ മൊട്ടക്കുന്നായിരുന്ന സ്ഥലം കൃഷ്ണവനം എന്ന മാതൃകാവനമാക്കി മാറ്റിയത് ടീച്ചറുടെ നേതൃത്വത്തിലായിരുന്നു.
പരിസ്ഥിതി സ്‌നേഹികള്‍ കൃഷ്ണവനത്തിനു പിന്നില്‍ അണിചേര്‍ന്നു. മൂന്നുവര്‍ഷം കൊണ്ട് 30 ഹെക്ടറിലും പിന്നീട്, 100 ഹെക്ടറിലും വനവല്‍കരണം നടത്തി. തുടര്‍ന്ന് മൊട്ടക്കുന്നില്‍ അരുവികളും മാനും മയിലുകളും നിറഞ്ഞു. സൈലന്റ് വാലി സംരക്ഷിക്കാനും പരിസ്ഥിതി സ്‌നേഹികള്‍ക്കൊപ്പം ടീച്ചര്‍ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചു.
ആലംബഹീനര്‍ക്ക് തണലായിരുന്നു സുഗതകുമാരി. ഉറ്റവരും ഉടയവരുമില്ലാത്ത ആയിരങ്ങള്‍ക്ക് അവര്‍ താങ്ങും തണലുമായി.
ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അഭയ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്കു തണലായി. സമൂഹത്തിലെ അനീതികള്‍ക്കും പ്രകൃതിചൂഷണങ്ങള്‍ക്കുമെതിരേ സമരസപ്പെടാതെ കലഹിച്ചിരുന്നു അവര്‍. നിരവധി ജനകീയ സമരങ്ങളില്‍ ടീച്ചറുടെ സാന്നിധ്യമുണ്ടായിരുന്നു. മണ്ണിനും മനുഷ്യനന്മയ്ക്കും നല്ല നാളേക്കും വേണ്ടി ജീവിതം മാറ്റിവയ്ക്കുകയായിരുന്ന സുഗതകുമാരി എന്ന പെണ്‍കരുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."