ഇപോസ് മെഷിനുകളിലെ തകരാര്‍: പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റ് രൂപീകരിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഇപോസ് മെഷിനുകള്‍ തുടര്‍ച്ചയായി പണിമുടക്കുന്നതിനാല്‍ സിവില്‍ സ്‌പ്ലൈസ് ഡയരക്ടറേറ്റ് കേന്ദ്രമാക്കി പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റ് രൂപീകരിക്കാന്‍ തീരുമാനം. മെഷിനുകളിലുണ്ടാകുന്ന തകരാറുകള്‍ പരിശോധിക്കുകയും പരിഹരിക്കുകയുമാണ് യൂനിറ്റിന്റെ ചുമതല. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാങ്കേതിക വിദഗ്ധരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സെപ്റ്റംബര്‍ അവസാനത്തോടെ ഇപോസ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും റേഷന്‍ വിതരണം മുടങ്ങുകയും തുടര്‍ന്ന് 14,000 ത്തോളം വ്യാപാരികള്‍ കടയടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദഗ്ധരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തത്.
കഴിഞ്ഞ ആഴ്ചയുണ്ടായ ഇപോസ് മെഷിന്‍ തകരാറിന്റെ അടിസ്ഥാന കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സെര്‍വറിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് സാങ്കേതിക വിഭാഗം അറിയിച്ചിരിക്കുന്നത്. ആധാര്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമോ, ഇന്റര്‍മീഡിയറ്റ് സെര്‍വറിനുണ്ടായ തകരാറോ, മുഴുവന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ സെന്ററിനുണ്ടായ തകരാറോ ആയിരിക്കാം കാരണമെന്നാണ് നിഗമനം. ഇത് കൃത്യമായി വിലയിരുത്താനും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് സാങ്കേതിക വിദഗ്ധരെയുള്‍പ്പെടുത്തി പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റിന് രൂപം നല്‍കുന്നത്.
പരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിന് എന്‍.ഐ.സി കേരള, സംസ്ഥാന ഐ.ടി മിഷന്‍, ഇപോസ് മെഷിനിന് രൂപം നല്‍കിയ ആന്ധ്രയിലെ വിഷന്‍ടെക് എന്നിവിടങ്ങളിലെ വിദഗ്ധരെയുള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സിനും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം, മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ ലഭിക്കാതിരുന്നവരെ പരിഗണിച്ച് സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയപരിധി നാളെ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സമയപരിധി വീണ്ടും നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."