വിട്ടുവീഴ്ച്ചയില്ലാതെ സര്‍ക്കാര്‍; 31 ന് പ്രത്യേക സഭാ സമ്മേളനം; വീണ്ടും ശുപാര്‍ശ നല്‍കും
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനമെന്ന തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും.
നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര പ്രാധാന്യം നിശ്ചയിക്കേണ്ടത് മന്ത്രിസഭ തന്നെയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയെ വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സാധാരണ നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കാറുള്ളത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തത ആവശ്യമെങ്കില്‍ അത് ചോദിക്കാവുന്നതാണ്. മറ്റു തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് നല്ലതാണോ എന്ന് ആലോചിക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്ത് അടിയന്തര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. കര്‍ഷകരെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.
രാജ്യത്തെ കര്‍ഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുന്നത്. കര്‍ഷക സമരം ഇത്ര ദിവസം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രവും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."