ഇരുമ്പുവേലി കെട്ടി റെയില്‍വേ വഴിമുടക്കിയതായി പരാതി
പരപ്പനങ്ങാടി: വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴി റെയില്‍പാളം കൊണ്ട് ക്രോസ് ബാര്‍ സ്ഥാപിച്ചും വേലി കെട്ടിയും റെയില്‍വേ തടഞ്ഞതായി പരാതി. പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെയും റെയില്‍പ്പാതയുടെയും ഇടയിലൂടെയുണ്ടായിരുന്ന പൊതുവഴിയാണ് കഴിഞ്ഞദിവസം തടഞ്ഞത്. അതിനു മുമ്പുതന്നെ പഴയ റെയിലുകള്‍ വഴിയില്‍ പരത്തിയിട്ട് വഴി ഭാഗികമായി അടച്ചിരുന്നു.
ഇതോടെ പരിസരപ്രദേശത്തെ നൂറിലേറെ കുടുംബങ്ങളിലേക്കുള്ള യാത്രാസൗകര്യമാണ് കൊട്ടിയടച്ചത്. കയ്യറ്റിചാലി പട്ടികജാതി കോളനി, അങ്കണവാടി എന്നിവയും ദുരിതത്തിലായി. കിടപ്പിലായ രോഗികളുടെ പരിചരണത്തിന് എത്തുന്ന പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സിനും വഴി മുടങ്ങി. അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ തലച്ചുമടായി എത്തിക്കേണ്ടി വരും.
അഞ്ചപ്പുര ഓവുപാല റോഡിലേക്കുള്ള ബന്ധവും ഇതോടെ തടസപ്പെട്ടു. അടച്ചുകെട്ടിയ സമാന്തര റോഡ് റെയില്‍വേയുടെ കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ കൊണ്ടുപോവാന്‍ കഴിഞ്ഞ ദിവസംവരെ റെയില്‍വേ തന്നെ ഉപയോഗിച്ചിരുന്നു. വഴി അടച്ചുകെട്ടുന്നതിനിടയില്‍ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള വഴി ഒഴിച്ചിടുകയായിരുന്നു. ഇതിനിടയില്‍ സ്വകാര്യഭൂമി കൈയേറിയാണ് റെയില്‍വെ ക്രോസ്ബാര്‍ സ്ഥാപ്പിച്ചതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന സ്വകാര്യ റോഡും പുന:സ്ഥാപിച്ചു കിട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."