കുന്ദമംഗലത്ത് ജപ്പാന് പൈപ്പ് പൊട്ടി ദേശീയപാത തകര്‍ന്നു
കുന്ദമംഗലം: ദേശീയ പാത വിഭാഗവും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ കുന്ദമംഗലത്ത് വീണ്ടും ജപ്പാന് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. ദേശീയ പാത 766 ല്‍ കുന്ദമംഗലം യു.പി സ്കൂളിന് മുന്‍പിലാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പൈപ്പ് പൊട്ടിയത്.
റോഡില്‍ വലയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വെള്ളം സമീപത്തെ യു.പി സ്കൂളിലേക്ക് പരന്നൊഴുകി. ജപ്പാന് കുടിവെള്ള വിതരണം ആരംഭിച്ചത് മുതല്‍ പതിമംഗലം മുതല്‍ കാരന്തൂര്‍ വരേയുള്ള ദേശീയ പാതയില്‍ ചെറിയ രീതിയില്‍ പൈപ്പ് പൊട്ടുന്നത് പതിവാണ്. ഇത് നന്നാക്കി വരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ വലിയ രീതിയില്‍ പൈപ്പ് പൊട്ടിയത്. ജപ്പാന് കുടിവെള്ള പദ്ധതിക്ക് വേണ്ടി ദേശീയ പാതയില്‍ മുറിയനാലില്‍ വാട്ടര്‍ അതോറിറ്റി നാല് വാല്‍വുകള്‍ സ്ഥാപിച്ചിരുന്നു. റോഡ് നവീകരണം നടന്നപ്പോള്‍ ഈ വാല്‍വുകള്‍ റോഡിനടിയിലായി.
റോഡ് പൊളിച്ച് വാല്‍വുകള്‍ പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് നിരന്തരം പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് ജപ്പാന് കുടിവെള്ള പദ്ധതി അധികൃതര്‍ പറയുന്നത്. ഇതിന് ദേശീയ പാത അധികൃതര്‍ അനുമതി നല്‍കാത്തതാണ് പ്രശനത്തിന് ഇടയാക്കുന്നത്. പൈപ്പ് പൊട്ടുന്നത് പതിവായതോടെ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ദേശീയ പാത വിഭാഗം അധികൃതരുടെയും വാട്ടര്‍ അതോറിറ്റി അധികൃതരുടേയും യോഗം വിളിച്ചു ചേര്‍ക്കുകയും റോഡ് പൊളിച്ച് വാല്‍വ് പുറത്തെടുക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യോഗം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് വേണ്ട ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് എം.എല്‍.എ ദേശീയ പാത വിഭാഗത്തിനും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കിയിരുന്നു. ഇരു വിഭാഗത്തിന്റെയും ഐക്യമില്ലായ്മ കാരണം ലിറ്റര്‍ കണക്കിന് വെള്ളം നഷടപ്പെടുകയും റോഡ് തകരുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."