അപകട കവലയായി ചിറക്കര കെ.ടി.പി മുക്ക്
തലശ്ശേരി: തലശ്ശേരി-വളവുപാറ റോഡിലെ ചിറക്കര കെ.ടി.പി മുക്ക് പരിസരം അപകടകവലയാകുന്നു. റോഡ് നവീകരണം നടത്തിയിട്ടും ഇവിടെയുള്ള അപകടവളവ് മാറ്റാത്തതാണ് അപകടം പതിവാകാന്‍ കാരണം.
ചിറക്കര എല്‍.ഐ.സി ഓഫിസിനു മുന്നിലെ റോഡാണ് വാഹനയാത്രക്കാര്‍ക്ക് പേടി സ്വപ്‌നമാകുന്നത്. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും തലശ്ശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങളും ഈ വളവ് വഴി അമിത വേഗതയില്‍ കടന്നുവരുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വളവ് എത്തുമ്പോള്‍ മാത്രമേ പരസ്പരം കാണാന്‍ കഴിയുകയുള്ളൂ.
കഴിഞ്ഞ ദിവസവും ഇവിടെ ഒരു സ്വകാര്യബസും ഓട്ടോയും കൂട്ടിമുട്ടി ഓട്ടോ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. റോഡിലെ ഇത്തരം വളവുകള്‍ മാറ്റിയെടുക്കാനുള്ള നിര്‍ദേശമൊന്നും കരാറിലില്ലായിരുന്നെന്ന് തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തയാള്‍ പറഞ്ഞു.
റോഡിലെ വളവിനു സമീപം തന്നെ ഇപ്പോള്‍ പുതുതായി മൂന്നുനില കെട്ടിടം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതു പ്രവര്‍ത്തനക്ഷമമാകുന്നതോടെ വാഹനക്കുരുക്കും അപകടവും വര്‍ധിക്കാനുള്ള സാധ്യതയും ഉണ്ട്. ഇതിന് മുന്നിലായി എല്‍.ഐ.സി ഓഫിസിലേക്കും വാഹനങ്ങള്‍ തിരിഞ്ഞു പോകുന്നതിനിടെ തിരക്കേറിയ കൂര്‍ഗ് റോഡില്‍ വാഹനക്കുരുക്ക് മുറുകുമെന്നതും ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."