അനില്‍ പി. നെടുമങ്ങാടിന് യാത്രാമൊഴി
തൊടുപുഴ: സിനിമാനടന്‍ അനില്‍ പി. നെടുമങ്ങാടിന് (48) യാത്രാമൊഴി. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് 5.30ഓടെ തൊടുപുഴയ്ക്ക് സമീപമുള്ള മലങ്കര ഡാമില്‍ കുളിക്കാനിറങ്ങവെ മുങ്ങിമരിക്കുകയായിരുന്നു. ജോജു ജോര്‍ജ് നായകനാകുന്ന പീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിങ് ഇല്ലാത്തതിനാല്‍ പാലാ സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ജലാശയത്തിലെത്തിയത്. മലങ്കര ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം കുളിക്കുന്നതിടെ ആഴമുള്ള ഭാഗത്തെ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഡാമിലെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചെങ്കിലും ശ്രമം വിഫലമായി. പിന്നാലെ നാട്ടുകാരനായ സിനാജിനെ വിവരമറിയിച്ചു. മിനിട്ടുകള്‍ക്കകം സിനാജ് സംഭവസ്ഥലത്തെത്തി 15 അടിയോളം താഴ്ചയുള്ള ഭാഗത്തുനിന്ന് അനിലിനെ പുറത്തെടുത്തു. തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മുട്ടം പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലിസ് അറിയിച്ചു.
മൃതദേഹം ഇന്നലെ രാത്രി ഒന്‍പതോടെ സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങി 20ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നെടുമങ്ങാട് തോട്ടുമുണ്ട് സുരഭിയില്‍ പരേതനായ പീതാംബരന്‍ നായരുടെയും ഓമനകുഞ്ഞമ്മയുടെയും മകനാണ്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."