ആത്മാവിനെ ശുദ്ധീകരിക്കുന്ന നോമ്പ്
ആത്മാവിന്റെ ശുദ്ധീകരണമാണ് നോമ്പിന്റെ പ്രധാന ലക്ഷ്യം. മുന്‍കഴിഞ്ഞ ജനസമൂഹത്തിനു നോമ്പ് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയെന്ന് ഖുര്‍ആന്‍ പറയുന്നു. മനുഷ്യരെ അല്ലാഹുവിന്റെ പ്രതിനിധികളായാണ് അയച്ചത്. ഈ പ്രാതിനിധ്യം യാഥാര്‍ഥ്യമാകണമെങ്കില്‍ ആത്മീയ ശുദ്ധി അനിവാര്യമാണ്. മനുഷ്യരുടെ സുരക്ഷക്കായി ഒരുപാട് മലക്കുകളെ അല്ലാഹു നിശ്ചയിച്ചതിനാല്‍ മലക്കുകളേക്കാള്‍ ഉന്നതനാണ് മനുഷ്യന്‍. ആത്മീയ ശുദ്ധിയുള്ളവര്‍ക്കേ ഈ ഉന്നതി കൈവരിക്കാനാകൂ. അല്ലാത്തവര്‍ മൃഗങ്ങളേക്കാള്‍ അധമരായി മാറും. മലക്കുകള്‍ക്കു വിചാരമേയുള്ളൂ. വികാരമില്ല. മൃഗങ്ങള്‍ക്ക് വികാരമേയുള്ളൂ വിചാരവുമില്ല. മനുഷ്യര്‍ക്ക് വിചാരവും വികാരവുമുണ്ട്. വികാരത്തെ നിയന്ത്രിച്ച് വിചാരത്തെ മുന്‍നിര്‍ത്തി സൂക്ഷ്മതയോടെ ജീവിക്കാന്‍ നോമ്പുകൊണ്ടു കഴിയണം. പിശാചിനെ തടയാനുള്ള പരിചയായിട്ടാണ് നബി(സ)തങ്ങള്‍ നോമ്പിനെ വിശേഷിപ്പിച്ചത്.
ലോകത്ത് പ്രധാനമായി നാലു അതിക്രമങ്ങളാണ് നടക്കുന്നത്. ഒന്ന് ലൈംഗികാതിക്രമം. രണ്ട് വയറുകൊണ്ടുള്ള അതിക്രമം. മൂന്ന് കൈ കൊണ്ടുള്ളതും നാല് നാവു കൊണ്ടുള്ളതും. ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവളോടുള്ള ബാധ്യത നിറവേറ്റാന്‍ കഴിയാത്തവര്‍ നോമ്പനുഷ്ടിച്ച് വികാരം നിയന്ത്രിക്കാനാണ് നബി(സ) അരുള്‍ ചെയ്തത്. ഇതില്‍നിന്ന് മനുഷ്യന്റെ ലൈംഗിക അവയവത്തെ അഥവാ വികാരത്തെ നോമ്പുകൊണ്ട് നിയന്ത്രിക്കാമെന്ന് മനസ്സിലാകുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ വയറിലേക്ക് ഒന്നും നല്‍കാതെ പട്ടിണിയിരിക്കാന്‍ പരിശീലിച്ചവര്‍ അന്യന്റെ സമ്പത്ത് അനധികൃതമായി പിടിച്ചെടുക്കുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രാപ്തരാകുന്നു. വയറിനുവേണ്ടിയാണല്ലൊ സമ്പാദിക്കുന്നത്. സമ്പാദ്യം പരിശുദ്ധമായിരിക്കണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. അപ്പോള്‍ പരിശുദ്ധമായ സമ്പാദ്യം കൊണ്ടുമാത്രമേ ഞാനും എന്റെ കുടുംബവും ഭക്ഷണം കഴിക്കൂ എന്ന ചിന്തയിലേക്ക് വരാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന കളരിയാണ് നോമ്പ് സമയം. നോമ്പുകാരനോട് ആരെങ്കിലും ശാരീരികമായി അതിക്രമിക്കുകയൊ നാവുകൊണ്ട് അതിക്ഷേപിക്കുകയൊ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞു ഒഴിഞ്ഞുപോയി നാവിനേയും കയ്യിനേയും നിയന്ത്രിക്കാന്‍ പ്രവാചകന്‍ നബി(സ) പറയുന്നു.
നോമ്പ് മൂന്നു തരമുണ്ട്. ഹൃദയത്തെ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നോമ്പാണ് ഒന്നാമത്തേത്. ഇതു സാധാരണക്കാരായ നമുക്ക് ബാധകമല്ല. നമുക്കത് കഴിയില്ല. ഇത് പ്രവാചകന്മാരുടേയും ഔലിയായിന്റേയും നോമ്പാണ്. രണ്ടാമത്തേത് പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണിയിരുന്ന് ശരീരാവയവങ്ങളെ തെറ്റില്‍നിന്ന് നിയന്ത്രിക്കാതെയുള്ള നോമ്പാണ്. ഈ നോമ്പില്‍ അല്ലാഹുവിന് താല്‍പര്യമില്ല. കണ്ണ്, കാത്, നാവ്, കൈ, കാല്‍, ലിംഗം, മനസ്സ് തുടങ്ങി എല്ലാത്തിനേയും നിയന്ത്രിച്ചുകൊണ്ടുള്ള നോമ്പാണ് മൂന്നാമത്തേത്. ഈ നോമ്പാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ഇങ്ങനെ നോമ്പ് എടുക്കുന്നവരെ പറ്റി അല്ലാഹു മാലാഖമാരോട് അഭിമാനം പറയുമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. തെറ്റായ വാക്കുകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും മാറി നില്‍ക്കാതെ വൈകുന്നേരം വരെ പട്ടിണി കിടക്കുന്നവര്‍ അവര്‍ക്കു വിശപ്പും ദാഹവുമല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ടില്ലായെന്ന് പ്രവാചകന്‍(സ) പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."