നടുറോഡില്‍ തമിഴ് ദമ്പതികള്‍ക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം: കേസെടുക്കാതെ വിട്ടയച്ചതിനെതിരേ പ്രതിഷേധം, ദൃശ്യങ്ങള്‍ വൈറലായതോടെ പൊല്ലാപ്പിലായി പൊലിസ്
കല്‍പ്പറ്റ:വയനാട്ടിലെ അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു. നിരവധിപേര്‍ ദൃക്സാക്ഷികളുണ്ടായിട്ടും സംഭവത്തില്‍ പൊലിസ് കേസെടുക്കാതെ വിട്ടയച്ചതോടെ ഇതിനെതിരേയും പ്രതിഷേധം ശക്തമായി. സ്ഥലം കാണാനെത്തിയ ദമ്പതികളെയാണ് ജീവാനന്ദന് എന്ന ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചെറിയ പിഴ ഈടാക്കി പരാതിക്കാരെയും പ്രതിയെയും പറഞ്ഞുവിടുകയായിരുന്നുവെത്രെ
പൊലിസ്. എന്നാല്‍ തമിഴ് ദമ്പതികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വീണ്ടും വയ്യാവേലിയാകുമെന്ന് കണ്ടതോടെയാണ് പൊലിസ് നടപടി എടുത്തത്. എന്നാല്‍ പരാതി നല്കാന് ദമ്പതികള്‍ തയാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പൊലിസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അമ്പലവയലില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവാനന്ദന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്യുന്നുണ്ട്. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് ഇയാള്‍ യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണം കണ്ടവരാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."