പാലക്കാട് ദുരഭിമാനക്കൊല: കാരണം വിവാഹത്തിലുള്ള എതിര്‍പ്പെന്ന് പ്രതികള്‍; സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് അനീഷിന്റെ അമ്മ
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലക്ക് കാരണം വിവാഹത്തിലുള്ള എതിര്‍പ്പെന്ന് പ്രതികളുടെ മൊഴി. വിവാഹവുമായി ബന്ധപ്പെട്ട് അനീഷിനോട് വിരോധമുണ്ടായിരുന്നു. വിവാഹ ദിവസം അനീഷുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പൊലിസ് പറയുന്നു.
ഹരിതയുടെ മുത്തച്ഛനാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൊല്ലപ്പെട്ട അനീഷിന്റെ അമ്മ പ്രതികരിച്ചു. തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ഹരിതയുടെ കുടുംബം ശ്രമിച്ചിരുന്നു. സ്ത്രീധനം ചോദിച്ചെന്ന് കാണിച്ച് ഹരിതയുടെ കുടുംബം വക്കീല്‍ നോട്ടിസയച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനീഷിന്റേത് ആസൂത്രിത കൊലയെന്ന് പിതാവും പ്രതികരിച്ചു. സംഭവ ദിവസം അനീഷ് യാതൊരു പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. പ്രഭുകുമാറിന്റെ പിതാവ് കുമരേശന്‍ പിള്ളക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അനീഷിന്റെ പിതാവും ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. ഹരിതയെ സംരക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച സന്ധ്യക്കാണ് തേങ്കുറുശ്ശി ഇലമന്ദം അറുമുഖന്റെ മകന്‍ അനീഷ് (25) കൊല്ലപ്പെട്ടത്. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വഴിയരികിലുള്ള ഒരു കടക്കു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഭാര്യയുടെ അച്ഛനും അമ്മാമനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലും കാലിലും ഗുരുതരമായി വെട്ടേറ്റ യുവാവ് ജില്ലാ ആശുപത്രിയിലെത്തിക്കും മുമ്പ് മരണമടഞ്ഞു. തടയാന്‍ ശ്രമിച്ച സഹോദരന്‍ അരുണിനേയും ആക്രമിച്ചു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാമന്‍ സുരേഷിനെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിതാവ് പ്രഭുകുമാറിനെ അടുത്ത ദിവസവും അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം കോയമ്പത്തൂരിലേക്ക് കടന്ന പ്രഭുകുമാറിനെ അവിടെച്ചെന്നാണ് പിടികൂടിയത്.
ബന്ധുക്കളെ ധിക്കരിച്ച് മൂന്ന് മാസം മുമ്പ് വീടുവിട്ടിറങ്ങിയാണ് ഹരിത അനീഷിനെ വിവാഹം കഴിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. അനീഷ് കൊല്ലന്‍ സമുദായാംഗമാണ്. ഹരിത നായരും. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. അനീഷ് പെയിന്റിംഗ് തൊഴിലാളിയാണ്. വിവാഹത്തെത്തുടര്‍ന്ന് ഇരു കുടുംബങ്ങളേയും പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. പൊലിസ് മുന്നോട്ടു വെച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് രണ്ടു കൂട്ടരും മടങ്ങിയത്. അതിനു ശേഷം അനീഷിന്റെ വീട്ടിലെത്തിയ പ്രഭുകുമാര്‍ ഹരിതയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പൈടയുള്ള രേഖകള്‍ കൊണ്ടു പോയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവാഹത്തിനു ശേഷം അനീഷ് തനിച്ച് അധികം യാത്ര ചെയ്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."