കല്യാണം കഴിഞ്ഞതു മുതല്‍ വഴക്ക്, കൊലപാതകം സ്വത്ത് മോഹിച്ചുതന്നെയാണെന്ന് അരുണിന്റെ കുറ്റസമ്മതം
വെള്ളറട: ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി(51) യെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് ഭര്‍ത്താവ് അരുണി(28)ന്റെ മൊഴി. ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് സ്വത്ത് മോഹിച്ചാണെന്നും അരുണ്‍ പൊലിസിന് മൊഴി നല്‍കി. താന്‍ വിവാഹിതനാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയുമായിരുന്നുള്ളുവെന്നും അരുണ്‍ പൊലിസിനോട് വെളിപ്പെടുത്തി.
കല്യാണ രാത്രി മുതല്‍ ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യസങ്ങളും ഉടലേടുത്തിരുന്നതായി ശാഖയുടെ അടുത്ത ബന്ധുക്കള്‍ പറയുന്നു. പത്ത് ഏക്കര്‍ റബര്‍ പുരയിടത്തിലെ കൂറെ ഭാഗം വില്‍ക്കണമെന്നും പണം ആവശ്യമായി ഉണ്ടെന്നുള്ള അരുണിന്റെ ആവിശ്യത്തെച്ചെല്ലിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രശ്‌നം രൂക്ഷമായതെന്നാണ് സൂചന. ഇന്നലെ പുലര്‍ച്ചെ എണീറ്റ അരുണ്‍ കട്ടിലില്‍ കിടക്കുകയായിരുന്ന ശാഖയെ ശ്വാസം മുട്ടിച്ച് കൊന്നതിനു ശേഷം മരണം ഉറപ്പുവരുത്തുവാന്‍ നിലത്തിട്ട് ചവിട്ടിയതായും മരിച്ചുവെന്ന് ഉറപ്പ് വരുത്തുവാന്‍ വീണ്ടും ശ്വാസം മുട്ടിച്ചതായും ഉള്ള സൂചനകളാണ് പ്രാഥമിക തെളിവെടുപ്പില്‍ വ്യക്തമാവുന്നത്. മരണം ഷോക്ക് എറ്റ് സംഭവിച്ചതാണെന്ന് വരുത്തുവാന്‍ സീരിയല്‍ ലൈറ്റുകള്‍ കട്ടിലിനു താഴെ കൊണ്ടിടുകയും അതിനു മുകളിലായി ശാഖയെ എടുത്തിടുകയുമായിരുന്നുവെന്നാണ് സൂചനകള്‍.
ഇന്നലെ പുലര്‍ച്ചെ 5.30-ന് കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍വീട്ടില്‍ പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിന ദമ്പതികളുടെ മകള്‍ ശാഖ കുമാരി (51) ആണ് ദുരുഹ സാഹചര്യത്തില്‍ കിടപ്പുമുറിയില്‍ ക്രസ്തുമസ് അലങ്കാരത്തിനായി വാങ്ങിയ സീരിയല്‍ ലൈറ്റില്‍ നിന്നും ഷോക്കേറ്റ് മരിച്ചുവെന്ന നിലയില്‍ കണ്ടെത്തിയത്. ഏക്കര്‍ കണക്കിനു ഭൂമിയും 100-ല്‍ അധികം പവനും, ഏറെ ബാങ്ക് ബാലന്‍സും ഉള്ള ശാഖയെ കൊന്നതിനു ശേഷം വേറെ വിവാഹം കഴിക്കുക എന്നതായിരുന്നു കസ്റ്റഡിയിലായ അരുണിന്റെ ലക്ഷ്യം. ശാഖയുടെ ലക്ഷങ്ങള്‍ വിലവരുന്ന ഡയമണ്ട് നെക്‌ലസും വസ്തുക്കളുടെ പ്രമാണങ്ങളില്‍ ചിലതും കണ്‍മാനില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
ഷോക്കടിച്ചാണ് ശാഖ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ അരുണ്‍ ശ്രമിച്ചെങ്കിലും വീട്ടിലെ രക്തക്കറയും ശാഖയുടെ ശരീരത്തിലെ മുറിവും പ്രതിക്ക് വിനയാവുകയായിരുന്നു. നേരത്തെയും പ്രതി ശാഖയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന ഹോം നഴ്‌സ് രേഷ്മയുടെ മൊഴിയും അരുണിനു കുരുക്കായി.
അലങ്കാര ലൈറ്റില്‍ നിന്ന് ഷോക്കടിച്ചെന്നു പറഞ്ഞാണ് ഇന്നലെ പുലര്‍ച്ചെ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചതെങ്കിലും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ചു തന്നെ അരുണിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് ചോദ്യം ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സമ്പന്ന കുടംബാംഗവും ബ്യൂട്ടിഷനുമായ നിലമാംമൂട് ത്രേസ്യാപുരത്ത് ശാഖാനിവാസില്‍ ശാഖാകുമാരിയും അരുണും വിവാഹിതരായത്. വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പൊലിസിനു മൊഴി നല്‍കി. വിവാഹഫോട്ടോ ഈയിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അരുണിനെ പ്രകോപിപ്പിച്ചതായും ഹോംനഴ്‌സ് പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.
ദീര്‍ഘകാലമായി കിടപ്പിലായ മാതാവ് ഫിലോമിനയുമൊത്ത് നിലമാംമൂട് ത്രേസ്യാപുരത്തെ വീട്ടിലായിരുന്നു ശാഖയുടെ താമസം. അവിവാഹിതയായിരുന്ന ശാഖ അരുണിനെ പരിചയപ്പെടുകയും ഈ ബന്ധം വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന്റെ പൂര്‍ണ ചെലവ് വഹിച്ചത് ശാഖയായിരുന്നു. കൂടാതെ അരുണിനു കാറും പിന്നീട് പത്തു ലക്ഷം രൂപയും ശാഖ നല്‍കിയിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശാഖയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മാര്‍ട്ടം നടത്തും. വെള്ളറട പൊലീസിനു മുമ്പില്‍ കുറ്റസമ്മതം നടത്തിയ ഭര്‍ത്താവ് അരുണിനെ സംഭവം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."