യു.എ.ഇ ദിര്‍ഹം വാങ്ങാനെത്തിയവരുടെ കൈയില്‍നിന്നു അഞ്ചുലക്ഷം രൂപ കൊള്ളയടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഇന്ത്യന്‍ രൂപ കൊടുത്തു യു.എ.ഇ ദിര്‍ഹം വാങ്ങാനെത്തിയ കോഴിക്കോട് സ്വദേശിയുടെ കൈയില്‍നിന്നു അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേരെ ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ ഇട്ടമ്മല്‍ സ്വദേശി നബീല്‍, സുഹൃത്തുക്കളായ ജിത്തു, നസീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോഴിക്കോട് കിണാശ്ശേരിയിലെ മുഹമ്മദ് റനീബിന്റെ കൈയില്‍നിന്നാണ് പണം തട്ടിയത്. അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപ നല്കി അതിനുള്ള യു.എ.ഇ ദിര്‍ഹം വാങ്ങാനാണ് ഇയാള്‍ കാഞ്ഞങ്ങാട്ടെത്തിയത്.
സുഹൃത്തുക്കളായ സുധി, കരീം, അഷ്റഫ് എന്നിവരും കൂടെയണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെത്തിയ മുഹമ്മദ് റനീബിനെയും സുഹൃത്തുക്കളെയും പ്രതികള്‍ കാറില്‍ കയറ്റി മാവുങ്കാല്‍ കുശവന് കുന്നിനടുത്തെത്തിയപ്പോള് ഒരു സംഘം ആളുകള്‍ ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി കോഴിക്കോട് നിന്നെത്തിയ സംഘത്തിന്റെ കൈയില്‍നിന്നു ഭീഷണിപ്പെടുത്തി പണം കൈയിലാക്കി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദ് റനീബും സുഹൃത്തുക്കളും പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ നബീല്‍ നേരത്തെ പല തട്ടിപ്പു കേസിലും പ്രതിയാണ് .
ഇന്ത്യന്‍ നാണയത്തിന്റെ മൂല്യം ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശനാണ്യം ശേഖരിച്ചു വില വര്‍ധിക്കുമ്പോള്‍ വില്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ഇന്ത്യന്‍ പണം നല്കി വിദേശനാണയം ശേഖരിക്കാന്‍ എത്തിയതെന്നാണ് പൊലിസില്‍ കൊടുത്ത മൊഴി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."