നവചേതന തുണയായി: നവ്യക്കിനി വീട്ടുമുറ്റത്ത് വാഹനമെത്തും
തളിപ്പറമ്പ് : ശാരീരിക വൈകല്യം കാരണം പഠനത്തിനും ചികിത്സക്കുമായി യാത്രചെയ്യാന്‍ വീട്ടിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ശ്രമദാനമായി റോഡ് നിര്‍മ്മിച്ചു നല്‍കി പാറക്കണ്ടം നവചേതന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബു പ്രവര്‍ത്തകര്‍ മാതൃകയായി. കുറുമാത്തൂര്‍ പഞ്ചായത്തിലെ പാറക്കണ്ടം ഇടിക്കുന്നിലെ നവ്യയുടെ വീട്ടിലേക്കാണ് ക്ലബ്ബു പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെ റോഡ് നിര്‍മ്മിച്ചത്.
ഇതോടെ നവ്യക്കിനി വീട്ടുമുറ്റത്തു നിന്നു തന്നെ വാഹനത്തില്‍ കയറി പഠിക്കാനായി പോകാം. ജന്‍മനായുള്ള ശാരീരിക വൈകല്ല്യം കാരണം സ്ഥിരമായി സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത നവ്യ പത്താംതരം വരെ വീട്ടില്‍ നിന്നു തന്നെയാണ് പഠിച്ചത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ നവ്യയെ അനുമോദിക്കാന്‍ നവചേതന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ യോഗത്തിലാണ് ആദ്യമായി തന്റെ തുടര്‍പഠന യാത്രക്കായി വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു തരണമെന്ന ആഗ്രഹം പറഞ്ഞത്.
ക്ലബ് പ്രവര്‍ത്തകര്‍ അത് ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു. ഒരുകിലോമീറ്ററോളം നീളവും മൂന്ന് മീറ്റര്‍ വീതിയുമുളള റോഡിന്റെ നിര്‍മ്മാണ ചെലവ് ക്ലബാണ് വഹിക്കുന്നത്. നാട്ടുകാരായ ഏഴുപേര്‍ ഇതിനായി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതായും ക്ലബ് സെക്രട്ടറി പറഞ്ഞു.
ജന്മനാ ശാരീക വൈകല്യമുളള നവ്യയുടെ അമ്മവീടാണ് പാറക്കണ്ടം ഇടിക്കുന്നില്‍ ഇവിടെ അമ്മൂമ്മയും മുത്തച്ഛനുമാണ് കാര്യങ്ങള്‍ നോക്കുന്നത്.
പത്തുവരെയുളള പഠനത്തിന് അയല്‍വാസികളായ സ്‌നേഹ, നമിത എന്നിവര്‍ സഹായിച്ചിരുന്നു. പഠന ആവശ്യത്തിനുളള പുസ്തകങ്ങളും ഫിസിയോതറാപ്പിക്ക് ആവശ്യമായ പ്രത്യേക സൈക്കിളും നവചേതന ക്ലബ് പ്രവര്‍ത്തകര്‍ തന്നെയാണ് നല്‍കി സഹായിച്ചത് ഇപ്പോള്‍ വീട്ടിലേക്കുളള റോഡും നിര്‍മിച്ചു നല്‍കി. ഇതിനുളള നന്ദി വാക്കുകളില്‍ ഒതുക്കാനാകില്ലെന്ന് നവ്യ പറഞ്ഞു. നവ്യയുടെ അച്ചന്‍ സുരേഷും അമ്മ സ്മിതയും സഹോദരി നിവ്യയും പാപ്പിനിശ്ശേരി കാട്ട്യത്താണ് താമസിക്കുന്നത്.റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ് സെക്രട്ടറി ഇ.വി രജീഷും പ്രസിഡന്റ് എന്‍.കെ നിധീഷും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."