'മുത്വലാഖിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന പോലെ രാമക്ഷേത്രത്തിനും വേണം'; കേന്ദ്രസര്‍ക്കാരിന് വി.എച്ച്.പിയുടെ അന്ത്യശാസന
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അയോധ്യയിലെ രാമക്ഷേത്രനിര്‍മാണ വിഷയം സീജവമായി നിലനിര്‍ത്താനുള്ള സംഘപരിവാര നീക്കത്തിന് എണ്ണയൊഴിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന വി.എച്ച്.പി യോഗം ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനനല്‍കി.
അടുത്തമാസം തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തില്‍ അയോധ്യയില്‍ രാമക്ഷേതം നിര്‍മിക്കുന്നതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാബരി പള്ളി തകര്‍ത്ത ഡിസംബര്‍ ആറിനു മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവണമെന്ന് യോഗം പാസ്സാക്കിയ പ്രമേയം ആവശ്യപ്പെട്ടു. യോഗശേഷം വി.എച്ച്.പി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് രേഖാമൂലവും ഇക്കാര്യം ആവശ്യപ്പെട്ടു. രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് രാഷ്ട്രപതിയാട് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാമക്ഷേത്രം നിര്‍മിക്കുക എന്നാവശ്യപ്പെട്ട് അടുത്തമാസം രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗില്‍ നടക്കുന്ന കുംഭമേളയില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളും. അടുത്തമാസം എല്ലാ ലോക്‌സഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം എല്ലാ ലോക്‌സഭാ രാജ്യസഭാ എം.പിമാരില്‍നിന്നും രാമക്ഷേത്ര നിര്‍മാണത്തിലുള്ള അഭിപ്രായം തേടാനും യോഗത്തില്‍ തീരുമാനമായി. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന് യോഗം വിലയിരുത്തി. അത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. അമ്പലം നിര്‍മ്മിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നീക്കുകയാണ് വേണ്ടതെന്നാണ് യോഗത്തിലുയര്‍ന്ന വികാരം.
മുത്വലാഖ് ക്രിമിനല്‍കുറ്റമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന പോലെ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ബി.ജെ.പി മുന്‍ എം.പിയും രാമജന്‍മഭൂമി ന്യാസ് അധ്യക്ഷനുമായ രാംവിലാസ് വേദാന്തി പറഞ്ഞു. ഡിസംബര്‍ ആറിനു മുമ്പായി രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ വി.എച്ച്.പി മുന്‍കൈയെടുത്ത് ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."