മഹല്ല് സംവിധാനം: പ്രായോഗിക രീതികള്‍ക്ക് അമാന്തമരുത്
ദുര്‍ബലരും അശരണരുമായ ആളുകളെ ഇന്ന് എല്ലാവരും വിസ്മരിച്ചിരിക്കുകയാണ്. മഹല്ലിന്റെ സജീവ ശ്രദ്ധ എപ്പോഴും ഇത്തരക്കാരിലായിരിക്കണം.ഘട്ടംഘട്ടമായി ഓരോ മഹല്ലിലെയും പാവങ്ങളെ സ്വയം പര്യാപ്തതയിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നയിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെ പറ്റി മഹല്ലിന്റെ ഉത്തരവാദപ്പെട്ടവര്‍ക്ക് വ്യക്തമായ ബോധവും പദ്ധതികളുമുണ്ടാവണം.
മഹല്ലിലെ സകാത്ത് സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാല്‍ അവസാനിക്കുന്നതേയുള്ളൂ മഹല്ലിലെ ദാരിദ്ര്യ പ്രശ്‌നം. സകാത്ത് കൊടുക്കാനും വാങ്ങാനും അര്‍ഹരായവരുടെ ലിസ്റ്റ് തയാറാക്കി അത് ശരിയായ രൂപത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചാല്‍ ഖലീഫാ ഉമറിന്റെ കാലത്ത് സകാത്ത് വാങ്ങാന്‍ ആളില്ലാത്തവിധം സ്വയം പര്യാപ്തരായതുപോലെയുള്ള അനുഭവങ്ങള്‍ നമ്മുടെ മഹല്ലുകളിലും ഉണ്ടാവും. നമ്മുടെ മഹല്ലുകളിലെ ഇന്നത്തെ സാമ്പത്തിക ഞെരുക്കം സകാത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
മഹല്ലിന്റെയും മഹല്ല് നിവാസികളുടെയും സാമ്പത്തിക ഭദ്രതക്കാവശ്യമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ മഹല്ലിന് നേതൃത്വം കൊടുത്ത് നടപ്പാക്കാവുന്നതാണ്. ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കുമായി മഹല്ല് നിവാസികള്‍ ചെലവഴിക്കുന്ന ലക്ഷങ്ങള്‍ അന്യ വ്യാപാരികള്‍ ചൂഷണം ചെയ്യുന്നത് തടഞ്ഞ് മഹല്ലില്‍ തന്നെ അത് വിനിയോഗിക്കുന്നതിന് അനുയോജ്യമായ വഴികള്‍ കണ്ടെത്തുക, പ്രവാസികളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് ന്യായ വിലയ്ക്കുള്ള കടകള്‍ തുടങ്ങിയും മറ്റും അവര്‍ക്കാവശ്യമായതൊക്കെ വീടുകളിലേക്ക് എത്തിക്കാവുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതുവഴി പരസ്യങ്ങളിലൂടെയും മറ്റു ബിസിനസ് തന്ത്രങ്ങളിലൂടെയും പ്രലോഭിതരാകുന്ന അവസ്ഥയില്‍നിന്ന് തടയിടാന്‍ സാധിച്ചേക്കാം.
സാമ്പത്തിക ഭദ്രതയുള്ള മഹല്ലുകള്‍ക്ക് ഷോപ്പിങ് കോംപ്ലക്‌സുകള്‍, കല്യാണ മണ്ഡപങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ സ്ഥാപിച്ച് വരുമാന വഴികള്‍ കണ്ടെത്താം. ലൈറ്റ് ആന്‍ഡ് സൗണ്ട്, വാഹനങ്ങള്‍, മറ്റു വാടക വസ്തുക്കള്‍ ഇവയൊക്കെ പല മഹല്ലുകള്‍ക്ക് കീഴില്‍ ഇന്ന് വ്യാപകമാണ്. ഇസ്‌ലാം അനുവദിക്കുന്ന രൂപത്തിലുള്ള കുറികള്‍, പലിശരഹിത നിധികള്‍ തുടങ്ങിയവ മഹല്ല് കമ്മിറ്റികളുടെ നിയന്ത്രണത്തില്‍ നടന്നുവന്നാല്‍, മഹല്ല് നിവാസികള്‍ക്കതൊരു ധനസമ്പാദന മാര്‍ഗമാവുകയും പലിശയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് ഒരളവോളം അവരെ രക്ഷപ്പെടുത്താന്‍ സഹായകമാവുകയും ചെയ്യും.
ഭവനരഹിതര്‍ക്ക് സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കാനായാല്‍ ഈ രംഗത്തെ ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കാനും സാധിക്കും. പഴയകാലം മുതല്‍ നിലവിലുള്ള പിടിയരി, വരിസംഖ്യ തുടങ്ങിയവ മഹല്ല് നിവാസികള്‍ക്ക് പള്ളിയുമായുള്ള മാനസിക ബന്ധം നിലനിര്‍ത്താനും അവകാശ ബോധം വളര്‍ത്താനും സഹായകമാണ്. ഇനിയും ഓരോ പ്രദേശങ്ങളുടെയും അവസ്ഥകള്‍ പരിഗണിച്ച് വരുമാന വഴികള്‍ കണ്ടെത്താവുന്നതാണ്. ഓരോ മഹല്ലുകള്‍ക്കും ആവശ്യമായ വരുമാനം അതത് മഹല്ലുകളില്‍ നിന്നുതന്നെ ഉണ്ടാക്കാന്‍ സാധിക്കണം. എങ്കില്‍ വിപ്ലവാത്മക മാറ്റം നമുക്ക് സാധ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."