അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം രേഖകള്‍ ലഭ്യമാകും
ന്യൂഡല്‍ഹി: രാജ്യത്തെ മുനിസിപ്പാലിറ്റികളില്‍ ഇനി കെട്ടിടനിര്‍മാണത്തിനുള്ള അനുമതിയുള്‍പ്പെടെ ഏതു രേഖകള്‍ക്ക് അപേക്ഷിച്ചാലും 24 മണിക്കൂറിനുള്ളില്‍ ലഭ്യമാവുന്ന സംവിധാനം വരുന്നു. ജനസംഖ്യ ഒരു ലക്ഷത്തിനു മുകളിലുള്ള 500 നഗരങ്ങളിലാണ് ഈ സൗകര്യം കേന്ദ്ര നഗരവികസനമന്ത്രാലയം നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാലുടനെ ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രേഖകള്‍ തുടങ്ങിയവയും 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്ന വിധത്തിലുള്ള സംവിധാനത്തിനാണ് മന്ത്രാലയം തുടക്കംകുറിക്കുന്നത്. നിലവില്‍ മുനിസിപ്പാലിറ്റികളില്‍ രേഖകള്‍ ലഭ്യമാക്കാന്‍ കാലതാമസമുണ്ടാകാറുണ്ട്.
നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പരിഷ്‌ക്കരണ പദ്ധതിയായാണ് ഇതിനായുള്ള ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്. നിലവില്‍ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ രേഖകള്‍ പരിശോധിക്കുകയും പരിശോധന പൂര്‍ത്തിയായ ശേഷം അപേക്ഷയില്‍ ആവശ്യപ്പെട്ടത് അനുവദിച്ച് നല്‍കുകയുമാണ് ചെയ്യുക. എന്നാല്‍ ഈ പദ്ധതി പ്രകാരം അപേക്ഷിച്ച ഉടന്‍ തന്നെ രേഖകള്‍ ലഭ്യമാക്കുകയും പരിശോധന പിന്നീട് നടത്തുകയുമാണ് ചെയ്യുക. ഉപഭോക്താവിനെ വിശ്വസിച്ച് അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കാതെ രേഖകള്‍ ശരിയാക്കികൊടുക്കുന്നതിനാല്‍ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു പിന്നീട് ബോധ്യമായാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും.
500 നഗരങ്ങളെ നവീകരിക്കുന്ന 'അമൃത്' പദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള സൗകര്യങ്ങളൊരുക്കാന്‍ മന്ത്രാലയം മുനിസിപ്പാലിറ്റികള്‍ക്ക് ഫണ്ട് അനുവദിക്കും. ഇതുകൂടാതെ ഭൂനികുതി, വെള്ളക്കരം, വൈദ്യുതി ബില്‍ തുടങ്ങിയവ ഓണ്‍ലൈനായി അടയ്ക്കാനും സംവിധാനം കൊണ്ടുവരുമെന്ന് നഗരവികസന മന്ത്രാലയ സെക്രട്ടറി രാജീവ് ഗൗബെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."