കോംഗോയിലെ പീഡിതരുടെ മുറിവുണക്കുന്ന ഭിഷഗ്വരന്‍
കിന്‍ഷാസ: ഉത്തരകൊറിയയിലെ യുദ്ധാന്തരീക്ഷത്തിന് സമാധാനത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയ യു.എസ് പ്രസിഡന്റ് ട്രംപും കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ഈ വര്‍ഷത്തെ സമാധാനത്തിന്റെ നൊബേല്‍ ലഭിക്കുന്നവരിലുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്നലെ അവാര്‍ഡ് ലഭിച്ചവരില്‍ ഒരാളായ നാദിയ മുറാദിനെ യസീദികള്‍ക്കായുള്ള പോരാട്ടത്തില്‍ പലരും അറിഞ്ഞിരുന്നെങ്കിലും കോംഗോക്കാരനായ ഡോ.ഡെന്നിസ് മുക്‌വേഗെന്ന പേര് ഭൂരിപക്ഷം പേരും കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ ആഭ്യന്തര യുദ്ധത്താല്‍ പൊറുതിമുട്ടുന്ന ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോക്ക് ഇദ്ദേഹം സുപരിചിതനാണ്. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ക്ക് വിധേയരായ 30000 പേരെയാണ് മുക്‌വേഗ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കാനായി കോംഗോയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കൂടി മുന്‍ നിര്‍ത്തിയാണ് മാന്ത്രിക ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
1955 മാര്‍ച്ച് ഒന്നിന് കോംഗോയിലെ ബുകാവുയിലായിരുന്നു മുക്‌വേഗിന്റെ ജനനം. ഡോക്ടറായ പിതാവില്‍ നിന്നുള്ള പ്രചോദനങ്ങള്‍ ഉള്‍കൊണ്ടാണ് ഇദ്ദേഹവും അതേ തൊഴിലിലേക്ക് തിരിയുന്നത്. ഗൈനക്കോളജിയായിരുന്നു ഉന്നത പഠനം നടത്തി. ലൈംഗികാതിക്രമത്തിന് ഇരയായ ശാരീരികമായി തകര്‍ന്നവരെ ചികിത്സിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
1999ല്‍ ബകാവുയില്‍ ആശുപത്രി സ്ഥാപിച്ചു. യുദ്ധത്താല്‍ സ്ത്രീകള്‍ ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുന്ന കാലഘട്ടമായിരുന്നു അന്ന്. പതിനായിരക്കണക്കിന് സ്ത്രീകളെയാണ് മുക്‌വേഗ ആശുപത്രി ചികിത്സിയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
മാനഭംഗത്തെ യുദ്ധോപകരണമായി മാറ്റുകയെന്നുള്ളത് ബോംബുകളെക്കാള്‍ ശക്തമുള്ളതാണെന്ന് മുക്‌വേഗ പലപ്പോഴും പറയാറുണ്ട്. ഇത് രോഗങ്ങള്‍ പടര്‍ത്തും. കുടുംബങ്ങളുടെയും സമൂഹത്തിന്റെ നിലനില്‍പ്പിനെയും അവതാളത്തിലാക്കും. ആര്‍ക്കും വേണ്ടാത്ത ഒരു തലമുറയെ ഈ മാനഭംഗങ്ങള്‍ നിര്‍മിക്കും. മരണത്തിന് തുല്യമായ ജീവിതമായിരിക്കും ഇവരുടേതെന്ന് മുക്‌വേഗ വിലയിരുത്താറുണ്ട്.
പീഡനത്തെ യുദ്ധക്കുറ്റമായി പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങളും ഇദ്ദേഹം നടത്തി. ലിംഗ വിവേചനം, സ്ത്രീകള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള അവബോധത്തിനായി മുക്‌വേഗയുടെ ജീവിതം ഇന്ന് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. യു.എന്നിന്റേത് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ മുക്‌വേഗിനെ തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."