യമന്‍ യുദ്ധത്തിലെ ഇരകള്‍ക്ക് സാന്ത്വനവും അത്യാധുനിക ചികിത്സയും; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് യു.എ.ഇ
- ഡല്‍ഹിയില്‍ നിന്ന് സുഖം പ്രാപിച്ചു മടങ്ങിയത് 600ലധികം യമനികള്‍
ന്യൂഡല്‍ഹി: യമന്‍ യുദ്ധത്തിലെ ഇരകള്‍ക്ക് സാന്ത്വനവും ചികിത്സയും നല്‍കിയതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് യു.എ.ഇ. സൈനികരും വിമതരായ ഹൂഥികളും തമ്മിലുള്ള യുദ്ധത്തില്‍ പരിക്കേറ്റവരെ ഇന്ത്യയിലെത്തിച്ചാണ് ചികിത്സിക്കുന്നത്. യു.എ.ഇയാണ് ഇതിനുള്ള ചിലവ് പൂര്‍ണമായും വഹിക്കുന്നത്. ചികിത്സ പൂര്‍ത്തിയായി പത്താമത്തെ സംഘവും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയതോടെ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയവരുടെ എണ്ണം അറുന്നൂറ് കടന്നു. സമീപകാലത്ത് രാജ്യം കണ്ട അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏറ്റവും വലിയ സാന്ത്വന ദൗത്യമായി മാറുകയാണ് യമനി പൗരന്മാര്‍ക്കുള്ള ചികിത്സ. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിനു കീഴിലുള്ള ന്യൂഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രിയിലാണ് യമനിലെ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാസൗകര്യമൊരുക്കിയിരിക്കുന്നത്.
ആരോഗ്യ പരിചരണ രംഗമെന്ന മികവാണ് ഇന്ത്യയെ ദൗത്യത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞു. ദുബായിലെ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ട്. എങ്കിലും ഇന്ത്യ മികച്ച ആരോഗ്യ സേവന ദാതാവാണ്. യമന്‍ രോഗികള്‍ക്ക് മാത്രമല്ല, ചരിത്രപരമായി തന്നെ ഇന്ത്യ ആരോഗ്യ രംഗത്തു കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അഹമ്മദ് അല്‍ ബന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.എ.ഇ വ്യോമസേനയുടെ സി 17 വിമാനത്തിലായിരുന്നു 2017 ഏപ്രിലില്‍ ആദ്യ സംഘത്തിന്റെ വരവ്. പിന്നീട് പല സംഘങ്ങളായി സൈനികരെയും സാധാരണക്കാരെയും എത്തിച്ചു. മാസങ്ങളായി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ പ്രത്യേക വിമാനത്തില്‍ 28 പേരെ കഴിഞ്ഞ ദിവസം യമനില്‍ നിന്ന് എത്തിച്ചു. പരിക്കേറ്റവരും അകമ്പടിയെത്തിയവരും അടക്കം ആകെ 1054 പേരാണ് ഇതുവരെ ഇന്ത്യയില്‍ എത്തിയത്.
UAE-India strong ties help Yemeni patients
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."