മേഖലയിലെ ഭീഷണി ചെറുക്കാന്‍ അടിയന്തര അന്താരാഷ്ട്ര നടപടികള്‍ കൈക്കൊള്ളണമെന്ന് സഊദി മന്ത്രിസഭ
റിയാദ്: മേഖലയിലെ ഭീഷണികളെ ചെറുക്കാനും സുരക്ഷിതമായ കപ്പല്‍ സഞ്ചാരത്തിനും അന്താരാഷ്ട്ര സമൂഹം നപടികള്‍ കൈക്കൊള്ളണമെന്ന് സഊദി മന്ത്രി സഭ ആവശ്യപ്പെട്ടു. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാരാന്ത മന്ത്രിസഭാ യോഗമാണ് മേഖലയിലെ ഭീഷണികളെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര സഞ്ചാര പാതയിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സ്വതന്ത്ര കപ്പല്‍ സഞ്ചാരം തടയുന്നതും അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും മന്ത്രി സഭ വ്യക്തമാക്കി. ഉപരോധം ലംഘിച്ച് എണ്ണ കടത്തുകയായിരുന്ന കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയതിന് പകരമായി ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ കസ്റ്റഡിയിലാണ്. ഇത് അന്താരാഷ്ട്ര കപ്പല്‍ യാത്രാ രംഗത്ത് കൂടുതല്‍ പിരിമുറുക്കത്തിനിടയാക്കിയിട്ടുണ്ട്. ഫലസ്തീനികളുടെ വീടുകള്‍ പൊളിക്കുന്ന ഇസ്‌റാഈല്‍ നടപടിക്കെതിരെ മന്ത്രി സഭ അതി ശക്തമായ പ്രതിഷേധം ഉയര്‍ത്തി. സൂര്‍ബഹറിനു സമീപമുള്ള വാദി അല്‍ ഹോംസില്‍ ഡസന്‍ കണക്കിന് ഫലസ്തീനികളുടെ ഭവനം ഇസ്‌റാഈല്‍ അടുത്തിടെ ഇടിച്ച് നിരത്താന്‍ ആരംഭിച്ചിരുന്നു.
ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും നഗരത്തിന്റെ നിയമപരമായ സ്വഭാവവും അതിന്റെ ജനസംഖ്യാ ഘടനയും മാറ്റാനുള്ള ശ്രമം ഏറെ അപകടകരമാണെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പലസ്തീന്‍ പ്രതിഷേധങ്ങള്‍ക്കും അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കുമിടെ ജറൂസലം നഗരിക്ക് പുറത്തുള്ള പട്ടണത്തിലെ ഫലസ്തീനികളുടെ വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം ഇടിച്ചു നിരത്താന്‍ തുടങ്ങിയത്. കിഴക്കന്‍ ജറുസലമിലെ സുര്‍ബഹര്‍ ഗ്രാമത്തിലേക്ക് നിരവധി ബുള്‍ഡോസറുകളാണ് നൂറുകണക്കിന് ഇസ്‌റാഈലി സൈനികരുടെ അകമ്പടിയോടെ ഇടിച്ചു നിരത്താനായി നഗരത്തില്‍ പ്രവേശിച്ചത്. 1967 ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഗ്രാമമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."