ഹൃദയംതകര്‍ന്ന് ഷെഫിന്‍; ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിവാഹം കഴിക്കാനും അവകാശമില്ലേ?
കൊല്ലം: ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശങ്ങള്‍ കോടതിവിധിയാല്‍ ലംഘിക്കപ്പെട്ടതോടെ ഹൃദയം തകര്‍ന്നിരിക്കുകയാണ് കോട്ടയം വൈക്കം സ്വദേശി ഹാദിയ എന്ന 25കാരിയുടെയും ഭര്‍ത്താവ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്റെയും. വിവാഹം മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലെന്ന നിരീക്ഷണമാണ് കോടതി ഉന്നയിച്ചതെന്ന് ഷെഫിന്‍ പറയുന്നു.
മസ്‌ക്കത്തിലെ സ്വകാര്യകമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി നോക്കവെ 'വെ ടു നിക്കാഹ് ' എന്ന മാട്രിമോണിയല്‍ സൈറ്റില്‍ ഹാദിയയുടെ പരസ്യം കണ്ടാണ് വിവാഹം ആലോചിച്ചത്. നവംബര്‍ 30ന് നാട്ടിലെത്തുകയും ഹാദിയ താമസിച്ചിരുന്ന കോട്ടക്കല്‍ പുത്തൂരിലെ വീട്ടില്‍ച്ചെന്ന് പെണ്ണ് കാണുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിക്കാഹ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ചാത്തിനാംകുളം ജുമാമസ്ജിദ് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുകയും വിവാഹത്തിനുള്ള അനുമതി വാങ്ങുകയും ചെയ്തു.
2016 ഡിസംബര്‍ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിലാണ് നിക്കാഹ് നടന്നത്. സ്‌പെഷല്‍ മാര്യേജ് ആക്ട് 2008 പ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് രണ്ടുദിവസമാണ് ഒരുമിച്ചുതാമസിച്ചത്. 20ന് കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്ത് ഓഫിസില്‍ വിവാഹ രജിസ്‌ട്രേഷനു പോയി. നടപടികള്‍ പൂര്‍ത്തിയാക്കി രസീത് കൈപ്പറ്റാനൊരുങ്ങുമ്പോഴാണ് 21ന് ഹൈക്കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ അഭിഭാഷകന്‍ വിളിക്കുന്നത്.
ഞങ്ങളുടെ വിവാഹത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അതുപ്രകാരം ഹാദിയ 156 ദിവസം കോടതിയുടെ തടവിലായിരുന്നു. എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ്.എന്‍.വി സദനത്തിലായിരുന്നു താമസം. ഈ കാലയളവില്‍ പ്രാര്‍ഥിക്കാനുള്ള സൗകര്യം ഹാദിയക്ക് നല്‍കിയില്ല.
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍പോലും നഗ്‌നയാക്കി പരിശോധന നടത്തി. പല ദിവസങ്ങളിലും ഭക്ഷണംപോലും നല്‍കിയില്ല. ഹാദിയ ഐ.എസ് തീവ്രവാദിയാണ്. അതിനാല്‍ ആരും അവളോട് സംസാരിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് തടവിലാക്കിയത്. ഇക്കാലയളവില്‍ വക്കീലിനോ എനിക്കോ അവളെ കാണാനോ കേസിന്റെ വിശദാംശങ്ങള്‍ സംസാരിക്കാനോ അനുവാദം നല്‍കിയിരുന്നില്ല. ഹാദിയയുടെ പിതാവിനു മാത്രമാണ് കാണാന്‍ അനുവാദമുണ്ടായിരുന്നത്.
കോടതിയില്‍ നിരവധിതവണ ഹാദിയ തന്റെ വാദം നിരത്തിയെങ്കിലും ഫലമുണ്ടായില്ല. 'താന്‍ സ്വയം മുസ്‌ലിമായതാണ്. മതംമാറാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല. വിവാഹപരസ്യം നല്‍കി സ്വന്തം ഇഷ്ടപ്രകാരം നടന്ന വിവാഹമാണ് ' എന്നിങ്ങനെ നിരവധിതവണ വാദിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല. ഇതിനിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തും കോടതിയില്‍ ഹാജരാക്കി.
താനും ഹാദിയയും വിദ്യാഭ്യാസമുള്ളവരാണ്. ഹോമിയോ ഡോക്ടര്‍മാരാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശം പിടിച്ചുവാങ്ങാന്‍ നിയമത്തിന്റെ ഏതറ്റംവരെ പോകാനും ഏതന്വേഷണം നേരിടാനും തയാറാണ്. നീതി കിട്ടാനായി സുപ്രിംകോടതിയില്‍ പോകാനാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ അതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇന്ന് ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, ഡി.ജി.പി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കുമെന്നും ഷെഫിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."