രാജ്കുമാറിന്റെ കസ്റ്റഡി മരണം: എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍
തൊടുപുഴ: രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയും റൈറ്ററുമായ റോയി പി. വര്‍ഗീസ്, സി.പി.ഒ ജിതിന് കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.
നെടുങ്കണ്ടം എസ്.ഐ കെ.എ സാബു, എ.എസ്.ഐ സി.ബി റെജിമോന്, പൊലിസ് ഡ്രൈവര്‍മാരായ പി.എസ് നിയാസ്, സജീവ് ആന്റണി എന്നിവരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 12 മുതല്‍ 16 വരെ രാജ്കുമാര് കസ്റ്റഡിയില്‍ ആയിരുന്ന ദിവസങ്ങളില്‍ സ്റ്റേഷന് റൈറ്റര്‍ ആയിരുന്ന റോയി പി. വര്‍ഗീസ് വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മറച്ച് വച്ചുവെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് തയാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. സി.പി.ഒ ജിതിന് കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവര്‍ രാജ്കുമാറിനെ മര്‍ദിക്കുവാന്‍ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മൂന്ന് പേരെയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
രാജ്കുമാറിന്റേത് ഉരുട്ടിക്കൊലയെന്ന് ആരോപണം ഉയര്‍ന്നതോടെ നെടുങ്കണ്ടം എസ്. ഐ അടക്കം എട്ട് പേരെ മുന്‍ ജില്ലാ പൊലിസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത രണ്ട് പേരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ബ്രാഞ്ചില്‍ നിന്നും സൂചന ലഭിച്ചു. കഴിഞ്ഞ 21ന് പീരുമേട് സബ് ജയിലിലാണ് രാജ്കുമാര് മരിച്ചത്.
അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബു, നാലാം പ്രതി സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ പരിഗണിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."