സഊദിയിൽ മൂന്ന് ദിവസം ലൈവ് ആഘോഷ പരിപാടികൾക്ക് വിലക്ക്
റിയാദ്: സഊദിയിൽ മൂന്ന് ദിവസം ലൈവ് ആഘോഷ പരിപാടികൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വിലക്കേർപ്പെടുത്തി. ന്യൂ ഇയർ പ്രമാണിച്ച് നിലവിലെ സാഹചര്യത്തിൽ ഇത്തരം ആഘോഷ പരിപാടികൾ നടക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമായെക്കുമെമെന്ന ഭീതിയെ തുടർന്നാണ് തീരുമാനം. ഡിസംബർ 31, ജനുവരി 1, 2 തിയ്യതികളിൽ ലൈവ് പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ അനുമതിയുള്ള കഫെ, റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി നിർദേശം നൽകി. തത്സമായ സംഗീതകച്ചേരികൾ, പാട്ട് ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾ എന്നിവ ഉൾപ്പെടുന്ന പരിപാടികൾക്കാണ് വിലക്ക്.
ലൈസൻസ് ഉടമകൾക്ക് അയച്ച സർക്കുലറിൽ, ഡിസംബർ 30 ബുധനാഴ്ച തത്സമയ ഷോകൾ നടത്താനുള്ള അവസാന ദിവസമാണെന്ന് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപ്പിച്ച് താൽക്കാലിക നിരോധനം നടപ്പിലാക്കുക. ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ ഷോകൾ നടത്തുന്നതിന് നൽകിയ ലൈസൻസുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ഡിസംബർ 30 ന് കാലഹരണപ്പെടുമെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വ്യക്തമാക്കി. നിരോധന കാലയളവ് അവസാനിച്ചതിന് ശേഷം ലൈസൻസ് ഉടമകൾ വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ സമർപ്പിക്കേണ്ടി വരും. ഇതിനായി അതോറിറ്റിയുടെ ഇലക്ട്രോണിക് സർവീസ് വീണ്ടും രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, റെസ്റ്റോറന്റുകളിലും കഫേകളിലും എകാംഗ തത്സമയ പ്രദർശനങ്ങൾക്ക് അനുവാദമുണ്ട്. നിശ്ചിത സ്ഥലത്ത് സ്റ്റേജ് ഒരുക്കി പ്രകടനക്കാരനും പ്രേക്ഷകനും തമ്മിൽ രണ്ട് മീറ്റർ ദൂരം അകലം പാലിക്കുക, തത്സമയ ഷോയിലുടനീളം പ്രകടനം നടത്തുന്നവർ മാസ്‌ക്കുകൾ ധരിക്കുക തുടങ്ങിയ പ്രോട്ടോകോളുകൾ പാലിച്ചാണ് അനുമതി നൽകുക. വിനോദ കേന്ദ്രങ്ങളിലും നഗരങ്ങളിലുമുള്ള തത്സമയ ഷോകൾക്കും ഈ പ്രോട്ടോക്കോളുകൾ ബാധകമാണെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."