മാഹി തിരുനാളിന് കൊടിയേറി
മാഹി: മാഹി സെന്റ് തെരേസാസ് തീര്‍ഥാടന കേന്ദ്രത്തില്‍ 18 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ മുഖ്യ കാര്‍മികത്വം വഹിച്ചു. 11.30ന് ദേവാലയ മുറ്റത്ത് ഇടവക വികാരി പതാക ഉയര്‍ത്തി. തുടര്‍ന്ന് 12 ഓടെ ആള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം പ്രധാന കവാടത്തില്‍ കൊണ്ടുവന്ന് തിരിച്ചെഴുന്നള്ളിച്ച് ദേവാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. സഹ വികാരിമാരായ ഫാ. നിധിന്‍ ആന്റണി, ഫാ. ജിതിന്‍ ജോണ്‍, പാരിസ് പാസ്റ്ററല്‍ സെക്രട്ടറി സജി സാമുവല്‍, അള്‍ത്താര ബാലകര്‍, കുടുംബ യൂനിറ്റുകള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, ബാന്‍ഡ് സംഘം, വൈദികര്‍ എന്നിവരും നുറുകണക്കിന് വിശ്വാസികളും കൊടിയേറ്റ ചടങ്ങിലും തിരുസ്വരൂപ പ്രതിഷ്ഠയിലും പങ്കുചേര്‍ന്നു.
മാഹി നഗരസഭ തത്സമയം പ്രത്യേക സയരന്‍ മുഴക്കി. നൂറു കണക്കിന് വിശ്വാസികള്‍ തിരുസ്വരൂപത്തില്‍ പൂമാലകള്‍ അര്‍പ്പിക്കുകയും മെഴുകുതിരികള്‍ തെളിക്കുകയും ചെയ്തു. 21ന് നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയും സമാപന ദിവസമായ 22ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കാര്‍മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."