തരിശ് ഭൂമിയില്‍ ഇനി കശുവണ്ടി വിളയും
കണ്ണൂര്‍: തരിശു ഭൂമി രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കശുവണ്ടി കൃഷിയിലൂടെ നടപ്പാക്കാനൊരുങ്ങുകയാണ് പടിയൂര്‍ പഞ്ചായത്ത്. ഏറിയഭാഗവും കരഭൂമിയായ പഞ്ചായത്തില്‍ ഉപയോഗരഹിതമായ ചെങ്കല്‍ ക്വാറികളിലും പുറമ്പോക്ക് പ്രദേശങ്ങളിലും തരിശായി കിടക്കുന്ന സ്ഥലങ്ങളിലും കശുവണ്ടി കൃഷി ആരംഭിക്കാനാണ് പഞ്ചായത്ത് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 12,000ത്തില്‍ അധികം കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു.കശുവണ്ടി വികസന കോര്‍പറേഷന്റെ സഹായത്തോടെ ഗുണനിലവാരമുള്ള കശുമാവിന്‍ തൈകള്‍ കൂടുതലായി വിതരണത്തിന് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ പറഞ്ഞു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കശുവണ്ടി വിളവെടുക്കാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂനിറ്റുകളെ ഉള്‍പ്പെടുത്തി മറ്റ് നിരവധി പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്. ജോയിന്റ് ലേബര്‍ ഗ്രൂപ്പുകള്‍ മുഖേന വിവിധയിനം കൃഷികളാണ് ഇവിടെ ചെയ്തുവരുന്നത്. കുടുംബശ്രീയിലെ അംഗങ്ങളെ നാലോ അഞ്ചോ പേരടങ്ങുന്ന ചെറിയ സംഘങ്ങളായി മാറ്റുകയും ഇവര്‍ക്ക് കൃഷി ചെയ്യുന്നതിന് പലിശ രഹിത വായ്പ നല്‍കുകയും ചെയ്യുന്നതാണ് ജോയിന്റ് ലേബര്‍ ഗ്രൂപ്പ് പദ്ധതി. കൂടാതെ കൃഷി ചെയ്യുന്ന വിളയ്ക്ക് അനുസരിച്ച് ഇവര്‍ക്ക് ഇന്‍സെന്റീവും നല്‍കുന്നു. ഈ രീതിയില്‍ കൃഷി ചെയ്യുന്ന 80 ഗ്രൂപ്പുകളാണ് പടിയൂര്‍ പഞ്ചായത്തിലുള്ളത്.
നൂറേക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഇവരുടെ കൃഷിത്തോട്ടത്തില്‍ നെല്ല്, വാഴ, വിവിധയിനം പച്ചക്കറികള്‍, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ആട് ഗ്രാമം, കോഴി ഗ്രാമം എന്നീ പദ്ധതികളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടപ്പാക്കിവരുന്നുണ്ട്. അഞ്ച് പേരടങ്ങുന്ന പത്ത് ഗ്രൂപ്പുകളാണ് ആട് ഗ്രാമം പദ്ധതിക്കായി പഞ്ചായത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."