തുലാവര്‍ഷത്തിനു മുന്‍പേ ലഭിച്ച മഴ ജലസമൃദ്ധമായി അണക്കെട്ടുകള്‍
മലമ്പുഴ: ജില്ലയില്‍ തുലാമഴയ്ക്കു മുന്നോടിയായി ലഭിച്ച മഴയില്‍ അണക്കെട്ടുകള്‍ ജലസമൃദ്ധിയിലേക്ക്. മലമ്പുഴ അണക്കെട്ടുള്‍പ്പെടെ മറ്റു അണക്കെട്ടുകളും നിറഞ്ഞതോടെ സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന മഴയില്‍ ജലനിരപ്പുയര്‍ന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും 30 സെ.മീ വീതം ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ 2 മാസത്തിനിടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ 2 തവണയാണ് ഉയര്‍ത്തിയെന്നതും അത്ഭുതപൂര്‍വ്വമാണ്. 115.06 മീറ്റര്‍ പരമാവധി ജലനിരപ്പുള്ള മലമ്പുഴ അണക്കെട്ടില്‍ ഇന്നലെ 114.03 മീറ്റര്‍ വെള്ളമുണ്ട്. മാത്രമല്ല കഴിഞ്ഞ 2 ദിവസങ്ങളായി അണക്കെട്ടിന്റെ പ്രദേശത്തും നല്ല മഴ ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച്ച പെയ്ത മഴയില്‍ 17.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മലമ്പുഴ അണക്കെട്ടിനു പുറകെ മംഗലംഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ വ്യാഴാഴ്ച്ച ഉയര്‍ത്തിയെങ്കിലും ഇന്നലെ രാവിലെ വീണ്ടും 30.സെ.മീ വരെ ഉയര്‍ത്തിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ 3 സെ.മീ ഉയര്‍ത്തിയത് 12 സെ.മീ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഇതിനുപുറമെ കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് 92.96 മീറ്ററായതിനെത്തുടര്‍ന്ന് കുടിവെള്ളാവശ്യത്തിനായി മൂന്നു സ്പില്‍വേകളിലൂടെ ജലത്തിന്റെ ഒഴുക്കും അധികൃതര്‍ ക്രമീകരിക്കുന്നുണ്ട്. മീങ്കര അണക്കെട്ടിന്റെ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസ്സങ്ങളില്‍ തന്നെ അണക്കെട്ട് തുറക്കുന്നതാണ്. മീങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 156.36 മീറ്ററാണെന്നിരിക്കെ 155.42 മീറ്ററാണ് ജലനിരപ്പ്.
ഇത് 156.12 മീറ്ററിലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. വാളയാര്‍ അണക്കെട്ടു തുറക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 203 മീറ്ററാണ് വാളയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയെന്നിരിക്കെ ഇപ്പോള്‍ 202 മീറ്റര്‍ ജലനിരപ്പുണ്ട്. ഇത് 202.30 മീറ്ററിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പോടെ ഷട്ടറുകള്‍ ഉയര്‍ത്തും.
154.08 മീറ്റര്‍ ജലനിരപ്പുള്ള ചുള്ളിയാര്‍ ഡാമില്‍ 152.50 മീറ്ററാണ് നിലവിലെ ജലനിരപ്പെന്നിരിക്കെ ഇത് 153.7 മീറ്റര്‍ ജലനിരപ്പിലെത്തിയാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതുമൂലം സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിലായിരുന്നെവെങ്കിലും ഇത്തവണ അത്രത്തോളം അപകടങ്ങള്‍ ഉണ്ടാവില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രതകരാകണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കാലവര്‍ഷത്തിനു ശേഷം തുലാമാസത്തില്‍ മാത്രമാണ് അത്യവശ്യം മഴലഭിക്കുന്നതെങ്കില്‍ ഇത്തവണ ന്യൂനമര്‍ദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചതാണ് ജില്ലയിലെ അണക്കെട്ടുകള്‍ ജലസമൃദ്ധിയിലായത്. അണക്കെട്ടുകള്‍ വീണ്ടും ജലസമൃദ്ധമായതോടെ കാര്‍ഷികമേഖലയ്ക്കു പുത്തനുണര്‍വ്വായിത്തീര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."