ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യം നാടിന്റെ ഐക്യം ഇല്ലാതാക്കല്‍: മുഖ്യമന്ത്രി
കൊച്ചി: ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യം നാടിന്റെ ഐക്യം ഇല്ലാതാക്കലാണെന്നും ഇവരുടെ തെറ്റായ നീക്കത്തെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുകയാണെന്നും ഇതു യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കലൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അഭിമന്യു സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശീലനത്തിലൂടെ എങ്ങനെ ഒരാളെ ഇല്ലാതാക്കാം എന്നതില്‍ പ്രാവീണ്യം നേടിയവരാണ് ഇവര്‍. അഭിമന്യുവിനെ പോലുള്ള രക്തസാക്ഷികളുടെ ആശയങ്ങള്‍ ഇല്ലാതാക്കുക വഴി വര്‍ഗീയത ശക്തമാക്കാം എന്നാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, വര്‍ഗീയ ശക്തികള്‍ക്കു നമ്മുടെ നാട്ടില്‍ അവര്‍ ആഗ്രഹിക്കുന്നപോലുള്ള വളര്‍ച്ച ലഭിച്ചില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനോ ദുര്‍ബലപ്പെടുത്താനോ അവര്‍ക്കു കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇതു ന്യൂനപക്ഷങ്ങളെയാണ് ബാധിക്കുന്നത്. അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ അതു ഭൂരിപക്ഷ വര്‍ഗീയതയ്ക്കു വളമാകും. വര്‍ഗീയതയെ മതനിരപേക്ഷമായി മാത്രമേ നേരിടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് വര്‍ഗീയതയെ ശരിയായ രീതിയില്‍ നേരിടാന്‍ കഴിയുന്നില്ല. പലപ്പോഴും വര്‍ഗീയതയുമായി സമരസപ്പെടുകയാണ്. ചിലഘട്ടങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു. ജമാഅത്തൈ ഇസ്‌ലാമി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഏറെക്കുറെ ശരിയായ നിലപാടെടുത്തു. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് ഇവരുടെ പിന്തുണ തേടാന്‍ പോയി. മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് മതനിരപേക്ഷതയ്‌ക്കെതിരേ നിലപാടെടുത്ത ആദ്യ സംഘടനയാണ് ജമാഅത്ത്. അവരെയാണ് വെള്ളപ്പൂശാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അധ്യക്ഷനായി. മന്ത്രി എം.എം മണി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, പ്രൊഫ. എം.കെ സാനു, എം.എല്‍.എമാരായ എസ്. ശര്‍മ്മ, എം. സ്വരാജ്, കെ.ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു, ജില്ലാ സെക്രട്ടറി സി.എസ് അമല്‍, അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരന്‍, ഭൂപതി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."